ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. നാഗ്പൂരിലെ നടപടി അപലപനീയമാണ്. എഫ്ഐആര്‍ പിന്‍വലിച്ച് കള്ളക്കേസിന് കാരണക്കാരായ ബജ്റംഗ്ദള്‍ ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തെ തകര്‍ക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നാഗ്പൂരില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികന്‍ അറസ്റ്റിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
വ്യാജ ആരോപണം ഉന്നയിച്ച് ക്രൈസ്തവരെ ദ്രോഹിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ മതഭ്രാന്തിന്റെയും വര്‍ഗീയ ധ്രുവീകരണത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ബിജെപി ഭരിക്കുന്ന പ്രദേശങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുസഹമാണ്.
ബുധനാഴ്ചയാണ് മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വൈദികന്‍ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരുള്‍പ്പടെ 12 പേര്‍ക്ക് വറൂട് സെഷന്‍സ് കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കവെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് ഫാ. സുധീര്‍ പറഞ്ഞു. പെട്ടെന്ന് പൊലീസും സംഭവ സ്ഥലത്തെത്തി. രാവിലെയോടെ എഫ്ഐആര്‍ ഇടുകയായിരുന്നുവെന്നുമാണ് അദേഹം വ്യക്തമാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.