ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സര്‍ക്കാര്‍.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ ഒരു മൂന്നാം കക്ഷിയുടെയും സഹായം തേടിയിട്ടില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് നടത്തിയ ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബെയ്ജിങില്‍ നടന്ന അന്താരാഷ്ട്ര സിമ്പോസിയത്തില്‍ സംസാരിക്കവെയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൈനയുടെ മധ്യസ്ഥത അവകാശപ്പെട്ടത്. ഈ വര്‍ഷം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിവിധ ആഗോള പ്രശ്‌നങ്ങളില്‍ തങ്ങള്‍ മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു അദേഹത്തിന്റെ പ്രസ്താവന.
എന്നാല്‍ ചൈനയുടെ ഈ പ്രസ്താവനയെ 'വിചിത്രം' എന്നാണ് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സമാനമായ അവകാശവാദം ഇടയ്ക്കിടെ തുടരുന്നുണ്ട്.
കഴിഞ്ഞ മെയ് ഏഴിന് ആരംഭിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സൈനിക നടപടിക്ക് പിന്നാലെ മെയ് പത്തിനാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്താന്‍ തീരുമാനിച്ചത്. ഇത് ഇരുരാജ്യങ്ങളിലെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നേരിട്ട് നടത്തിയ ഹോട്ട്ലൈന്‍ ചര്‍ച്ചകളുടെ ഫലമായാണ്.
മെയ് പത്തിന് ഉച്ച കഴിഞ്ഞ് 3:35 ന് പാകിസ്ഥാന്‍ ഡിജിഎംഒ ആണ് ഇന്ത്യന്‍ ഡിജിഎംഒയെ ബന്ധപ്പെട്ടത്. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ കര-വ്യോമ-നാവിക മേഖലകളില്‍ വെടിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ ഒരു മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. മെയ് മാസത്തിലുണ്ടായ ഏറ്റുമുട്ടലിലും ഇത് തന്നെയായിരുന്നു സ്ഥിതി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്.
ആഗോള വിപണിയില്‍ തങ്ങളുടെ ആയുധങ്ങളുടെ ശേഷി തെളിയിക്കാന്‍ ചൈന ഈ സംഘര്‍ഷത്തെ ഒരു 'ലൈവ് ലാബ്' ആയി ഉപയോഗിച്ചുവെന്ന് നേരത്തെ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.