പതിനൊന്നാമത് ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി 37കാരി; 10 പെണ്‍മക്കളും ദൈവത്തിന്റെ സമ്മാനമെന്ന് പിതാവ്

പതിനൊന്നാമത് ഒരു ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കി 37കാരി; 10 പെണ്‍മക്കളും ദൈവത്തിന്റെ സമ്മാനമെന്ന് പിതാവ്

ചണ്ഡീഗഡ്: പത്ത് പെണ്‍മക്കള്‍ക്ക് ശേഷം 37 കാരി ഒരു ആണ്‍കുട്ടിയ്ക്ക് കൂടി ജന്മം നല്‍കി. ഹരിയാനയിലെ ജിന്ധ് ജില്ലയിലെ ഉച്ചാനയിലുള്ള ഓജസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെറ്റേണിറ്റി ഹോമില്‍ വെച്ചാണ് 11-ാമത്തെ കുഞ്ഞിന് യുവതി ജന്മം നല്‍കിയത്. പ്രസവം വളരെ അപകടകരമായ വിഭാഗത്തിലായിരുന്നുവെന്നും അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം ആവശ്യമായി വന്നെങ്കിലും അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനുവരി മൂന്നിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം തന്നെ കുട്ടി ജനിക്കുകയും താമസിയാതെ അമ്മയും കുഞ്ഞും ഡിസ്ചാര്‍ജ് ആകുകയും ചെയ്തു.

19 കൊല്ലം മുന്‍പാണ് യുവതി വിവാഹിതയായത്. 38 വയസുകാരനും ദിവസക്കൂലിക്കാരനുമായ സഞ്ജയ് കുമാര്‍ ആണ് ഭര്‍ത്താവ്. താനും മൂത്ത പെണ്‍മക്കളില്‍ ചിലരും ഒരു മകനെ പ്രതീക്ഷിച്ചിരുന്നതായി സഞ്ജയ് കുമാര്‍ പറഞ്ഞു. തന്റെ പെണ്‍മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും ഏറ്റവും മൂത്തയാള്‍ 12-ാം ക്ലാസില്‍ പഠിക്കുകയാണെന്നും സഞ്ജയ് പറഞ്ഞു. വരുമാനം പരിമിതമാണെങ്കിലും എല്ലാ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുകയാണ്. മാത്രമല്ല പെണ്‍കുട്ടികള്‍ ഇന്ന് എല്ലാ രംഗത്തും വിജയം നേടാന്‍ കഴിവുള്ളവരാണെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നും താന്‍ അതില്‍ സന്തോഷവാനാണെന്നും അദേഹം പറയുന്നു.



പത്ത് പെണ്‍മക്കളുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ സഞ്ജയ് പാടുപെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഇവരുടെ കഥ ശ്രദ്ധ നേടിയത്. സഹോദരിമാര്‍ സഹോദരന് ദില്‍ഖുഷ് എന്നാണ് പേരിട്ടിരിക്കുന്നത്. തന്റെ കുടുംബത്തിന് പത്ത് പെണ്‍മക്കള്‍ ലഭിച്ചിട്ടുണ്ട്. അവരെല്ലാം ദൈവത്തില്‍ നിന്നുള്ള സമ്മാനമായി കണക്കാക്കുന്നുവെന്ന് സഞ്ജയ് പറയുന്നു. ഏറ്റവും മൂത്ത മകള്‍ 18 വയസുള്ള സരിന 12-ാം ക്ലാസില്‍ പഠിക്കുന്നു. 11-ാം ക്ലാസില്‍ പഠിക്കുന്ന അമിതയാണ് രണ്ടാമത്തെ കുട്ടി. സുശീല ഏഴാം ക്ലാസിലും കിരണ്‍ ആറാം ക്ലാസിലും ദിവ്യ അഞ്ചാം ക്ലാസിലും മന്നത്ത് മൂന്നാം ക്ലാസിലും കൃതിക രണ്ടാം ക്ലാസിലും അമ്‌നീഷ് ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഒന്‍പതാമത്തെയും പത്താമത്തെയും പെണ്‍കുട്ടികള്‍ ലക്ഷ്മിയും വൈശാലിയും ആണ്.

ഹരിയാനയിലെ ലിംഗ അനുപാതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കൗതുകകരമായ ഈ സംഭവം. 2025 ല്‍ 1000 പുരുഷന്മാര്‍ക്ക് 923 സ്ത്രീകള്‍ എന്ന നിലയിലേക്ക് മെച്ചപ്പെട്ടെങ്കിലും ഇത് ദേശീയ ശരാശരിക്കും താഴെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.