മെൽബൺ: ഓസ്‌ട്രേലിയയിലെ തെക്കൻ സംസ്ഥാനങ്ങളിൽ 2019-20 കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കഠിനമായ ഉഷ്ണതരംഗം തുടരുന്നു. മെൽബൺ, അഡ്ലെയ്ഡ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിൽ രേഖപ്പെടുത്തി. കാട്ടുതീയോ പ്രളയമോ പോലെ വലിയ നാശനഷ്ടങ്ങൾ പുറമെ കാണാനില്ലെങ്കിലും ഓസ്‌ട്രേലിയയിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആശുപത്രി കേസുകൾക്കും പ്രധാന കാരണം അതിശക്തമായ ഈ ചൂടാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ നൽകുന്ന താപനിലയേക്കാൾ പത്ത് ഡിഗ്രി വരെ കൂടുതൽ ചൂടായിരിക്കും പുറത്തിറങ്ങുന്നവർക്ക് അനുഭവപ്പെടുകയെന്ന് ഡോ. കിം ലൂ പറയുന്നു. തണലിലെ വായുവിന്റെ താപനിലയാണ് അധികൃതർ അളക്കുന്നത്. എന്നാൽ ടാർ റോഡിലോ കോൺക്രീറ്റ് പ്രതലങ്ങളിലോ നിൽക്കുമ്പോൾ പ്രതിഫലിക്കുന്ന ചൂട് ശരീരത്തെ അതിവേഗം തളർത്തും.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
ഹീറ്റ് സ്ട്രെസ് : അമിതമായ തളർച്ച, തലകറക്കം, പേശിവലിവ്. ഈ ഘട്ടത്തിൽ ഉടൻ വെയിലിൽ നിന്ന് മാറി വെള്ളം കുടിക്കണം.
ഹീറ്റ് എക്സോഷൻ : ശരീര താപനില 38 ഡിഗ്രിക്ക് മുകളിൽ പോവുക, ഓക്കാനം, ഛർദ്ദി, ബോധക്ഷയം. അമിതമായ ചൂട് കാരണം വിയർപ്പ് നിലയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിച്ചേക്കാം.
ഹീറ്റ് സ്ട്രോക്ക്: അതീവ ഗുരുതരാവസ്ഥയാണിത്. ശരീരതാപനില 40.5 ഡിഗ്രി കടക്കുകയും ചർമ്മം വരണ്ടുപോവുകയും ചെയ്യും. ഇത് ഹൃദയസ്തംഭനത്തിലേക്കോ വൃക്കകളുടെ പ്രവർത്തനരഹിതമാകലോ നയിക്കാം.
ഉച്ചയ്ക്ക് 11 മുതൽ മൂന്ന് വരെയുള്ള സമയം പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് നിർദേശം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. മദ്യം, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കി ജലം മാത്രം ശീലമാക്കുക. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക സംരക്ഷണം നൽകണം. ഫാനുകൾക്കൊപ്പം നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.
2016-19 കാലഘട്ടത്തിൽ മാത്രം ഓസ്‌ട്രേലിയയിൽ 1,009 പേർ ഉഷ്ണതരംഗം മൂലം മരിച്ചതായാണ് കണക്കുകൾ. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് ഭരണകൂടത്തിന്റെ നിർദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.