'ആദ്യം വെടി, പിന്നെ ചോദ്യം': ഗ്രീന്‍ലന്‍ഡില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്

'ആദ്യം വെടി, പിന്നെ ചോദ്യം': ഗ്രീന്‍ലന്‍ഡില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്

'അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാം അവസാനിക്കും'- ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍.

കോപ്പന്‍ഹേഗന്‍: അതിര്‍ത്തി ലംഘിച്ച് ഡെന്‍മാര്‍ക്കിലേക്ക് ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ അധികാരികളുടെ ഉത്തരവുകള്‍ക്കായി കാത്തു നില്‍ക്കാതെ സൈനികര്‍ ഉടന്‍ വെടിവെപ്പ് ആരംഭിക്കുമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം. ഇതുസംബന്ധിച്ച നിര്‍ദേശം സൈനികര്‍ക്ക് നല്‍കിക്കഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

അമേരിക്ക ഗ്രീന്‍ലന്‍ഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും അതിനായുള്ള സൈനിക നടപടികളും ആലോചിക്കുന്നതിനിടെയാണ് ഡെന്‍മാര്‍ക്കിന്റെ അറിയിപ്പ്.

വിദേശ ശക്തി ഡാനിഷ് പ്രദേശത്തെ ഭീഷണിപ്പെടുത്തിയാല്‍ ആജ്ഞകള്‍ക്ക് കാത്തുനില്‍ക്കാതെ പട്ടാളക്കാര്‍ ആദ്യം വെടിവെക്കണമെന്ന് വ്യക്തമാക്കുന്ന 1952 ലെ ശീതയുദ്ധ കാലത്തെ ഒരു നിര്‍ദേശമാണ് ഇതെന്ന് മന്ത്രാലയം അറിയിച്ചതായി ഡെന്‍മാര്‍ക്കിലെ പ്രാദേശിക പത്രമായ ബെര്‍ലിങ്‌സ്‌കെ റിപ്പോര്‍ട്ട് ചെയ്തു. 1940 ഏപ്രിലില്‍ നാസി ജര്‍മനി ഡെന്‍മാര്‍ക്കിനെ ആക്രമിച്ചപ്പോള്‍ ഉണ്ടായ പ്രത്യാഘാതങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട നിര്‍ദേശമാണിത്.

അന്നത്തെ ആക്രമണം രാജ്യത്ത് ആശയ വിനിമയത്തില്‍ ഭാഗികമായ തകര്‍ച്ചയ്ക്ക് കാരണമായിരുന്നു. അതിനു പിന്നാലെയാണ് ഈ നിര്‍ദേശം നിലവില്‍ വന്നത്. ഗ്രീന്‍ലന്‍ഡിലെ ഡെന്‍മാര്‍ക്കിന്റെ സൈനിക അധികാരിയായ ജോയിന്റ് ആര്‍ട്ടിക് കമാന്‍ഡ് ആണ് ദ്വീപിന് നേരെ ഉണ്ടാകുന്ന എന്തെല്ലാം പ്രവര്‍ത്തികളാണ് ആക്രമണമായി കണക്കാക്കേണ്ടതെന്ന് അന്തിമമായി വിലയിരുത്തുക.

ഡെന്‍മാര്‍ക്കിന്റെ ഭരണത്തിന്‍ കീഴിലുള്ള ഗ്രീന്‍ലന്‍ഡില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കണ്ണുവെച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന വരുന്നത്. ആവശ്യമെങ്കില്‍ ഗ്രീന്‍ലന്‍ഡ് ബലമായി ഏറ്റെടുക്കുമെന്നാണ് ട്രംപ് ആവര്‍ത്തിച്ചു ഭീഷണിപ്പെടുത്തുന്നത്.

ഡെന്‍മാര്‍ക്കിന്റെ തീരങ്ങളിലെ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം കാരണം ഈ ആര്‍ട്ടിക് പ്രദേശം അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നാണ് ട്രംപിന്റെ വാദം. അതുകൊണ്ടുതന്നെ ഗ്രീന്‍ലന്‍ഡിനുമേല്‍ അധികാരം സ്ഥാപിക്കേണ്ടത് നിര്‍ണായകമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

1951 ലെ ഒരു ഉടമ്പടിയിലെ അംഗമാണ് അമേരിക്ക. ഇത് ഡെന്‍മാര്‍ക്കിന്റെ സമ്മതത്തോടെ ഗ്രീന്‍ലന്‍ഡില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാന്‍ വിപുലമായ അവകാശങ്ങള്‍ നല്‍കുന്നു. എന്നിരുന്നാലും ഡെന്‍മാര്‍ക്കും ഗ്രീന്‍ലന്‍ഡും ഈ പ്രദേശം 'വില്‍പനയ്ക്കില്ല' എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.

അതേസമയം, സുരക്ഷാ ഭീഷണി എന്നത് ട്രംപിന്റെ പൊള്ളയായ വാദമാണെന്നും പ്രദേശത്തെ ഊര്‍ജ സമ്പത്തിലാണ് യു.എസ് പ്രസിഡന്റിന്റെ കണ്ണെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള ഏതൊരു സൈനിക ശ്രമവും നാറ്റോയുടെ അവസാനമായിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'അമേരിക്ക മറ്റൊരു നാറ്റോ രാജ്യത്തെ സൈനികമായി ആക്രമിക്കാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ എല്ലാം അവസാനിക്കും'- മെറ്റെ ഫ്രെഡറിക്‌സന്‍ ഡാനിഷ് ബ്രോഡ്കാസ്റ്റര്‍ ടിവി 2നോട് പറഞ്ഞു.

അതിനിടെ, ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലന്‍ഡ് പ്രതിനിധികള്‍ വ്യാഴാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഗ്രീന്‍ലന്‍ഡ് പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ യു.എസ് നിയമ നിര്‍മാതാക്കളെയും പ്രമുഖ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെയും പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.