ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ ഏറെ ഗുണം ലഭിക്കുക ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക്.
ന്യൂഡല്‍ഹി: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്.എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അപേക്ഷ അടിയന്തിരമായി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനുള്ള നടപടിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.
എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തില്‍ എന്‍.എസ്.എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്ക് കൂടി ബാധകമാക്കാന്‍ കഴിഞ്ഞ 90 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
ഒക്ടോബറില്‍ ആയിരുന്നു സുപ്രീം കോടതിയെ ആദ്യം സമീപിച്ചത്. എന്നാല്‍ കേസിലെ എല്ലാ കക്ഷികളും ആയി ബന്ധപ്പെട്ട സര്‍വ്വീസ് പൂര്‍ത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നീട്ടി വെച്ചിരുന്നു.
നിലവില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കാണ് എന്‍.എസ്.എസ് വിധി ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ക്രൈസ്തവ മാനേജ്‌മെന്റുകള്‍ ആകും.
ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ വേണമെന്ന് ക്രൈസ്തവ സഭകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന നിയമ മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചകളിലാണ് ക്രൈസ്തവ സഭാ അധ്യക്ഷന്മാര്‍ ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് അടിയന്തിരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിലവില്‍ 6,230 ജീവനക്കാര്‍ ജോലി ചെയ്യുന്നത് താല്‍കാലിക ശമ്പള സ്‌കെയില്‍ അടിസ്ഥാനത്തിലാണ്. 17,729 പേര്‍ ജോലി ചെയ്യുന്നത് ദിവസ വേതന അടിസ്ഥാനത്തിലും. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
സംസ്ഥാനത്തെ 5,279 മാനേജ്‌മെന്റുകളില്‍ 1,538 മാനേജുമെന്റുകള്‍ ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. സ്റ്റാന്‍ഡിങ് കൗണ്‍സില്‍ സി.കെ. ശശിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
1,542 തസ്തികകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മറ്റ് മാനേജ്‌മെന്റുകള്‍ കൂടി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ഹരായ ഭിന്ന ശേഷിക്കാര്‍ക്ക് ജോലി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
നിലവില്‍ ഭിന്ന ശേഷിക്കാര്‍ക്കുള്ള തസ്തികകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്ത എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് എന്‍.എസ്.എസ് വിധി ബാധകമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമന നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.