'അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല'; പുടിനെ പിടികൂടാന്‍ സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

'അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല'; പുടിനെ പിടികൂടാന്‍ സൈന്യത്തെ അയക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയിലേത് പോലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ പിടികൂടേണ്ടതിന്റെ ആവശ്യമില്ലെന്നും പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഉക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്നതില്‍ ട്രംപ് കടുത്ത നിരാശയും രേഖപ്പെടുത്തി.

മഡൂറോയുടെ അറസ്റ്റിന് പിന്നാലെ അടുത്തത് പുടിനായിരിക്കുമെന്ന ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

'' അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല. പുടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. അത് തുടരുമെന്നാണ് ഞാന്‍ കരുതുന്നത്''- ട്രംപ് പറഞ്ഞു. യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഉക്രെയ്ന്‍-റഷ്യ യുദ്ധത്തില്‍ തനിക്ക് വലിയ നിരാശയുണ്ടെന്നും താന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്നും അദേഹം ആവര്‍ത്തിച്ചു. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതും എളുപ്പമുള്ള ഒന്നായിരിക്കുമെന്നാണ് കരുതിയതെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം 31,000 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ ഭൂരിഭാഗവും റഷ്യന്‍ സൈനികരാണ്. അതേസമയം റഷ്യയുടെ സാമ്പത്തിക നില മോശമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മഡൂറോയെ പിടികൂടിയ ശേഷം 'ഏകാധിപതികളെ പിടികൂടുന്ന കാര്യത്തില്‍ യു.എസിന് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം' എന്ന് സെലന്‍സ്‌കി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.