ടെഹ്‌റാന്‍: ഇറാനില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നല്‍കി ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്‌ലവി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ ആയിരുന്നു പ്രഖ്യാപനം.
'ദേശീയ വിപ്ലത്തിന്റെ വിജയ സമയത്ത് മാതൃ രാജ്യത്തേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. നിങ്ങള്‍ക്കൊപ്പം ഞാനും ഇറാനില്‍ ഉണ്ടാകേണ്ടതുണ്ട്. ആ ദിനം അടുത്തെത്തിയതായി ഞാന്‍ വിശ്വസിക്കുന്നു'- പഹ്‌ലവി എക്‌സില്‍ കുറിച്ചു.
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയില്‍ ജീവിക്കുന്ന പഹ്ലവി പ്രതിഷേധം ശക്തമാകുന്നതിനിടെ വീഡിയോ സന്ദേശവുമായി രംഗത്ത് എത്തുകയായിരുന്നു. തെരുവിലിറങ്ങുക മാത്രമല്ല നഗര കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും അദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗതാഗതം, എണ്ണ, വാതകം, ഊര്‍ജം തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലാളികള്‍ ജോലി അവസാനിപ്പിച്ച് രാജ്യ വ്യാപകമായി സമരങ്ങളില്‍ പങ്കുചേരാനും പഹ്‌ലവി അഭ്യര്‍ത്ഥിച്ചു.
1979 ലെ ഇസ്ലാമിക വിപ്ലവത്തില്‍ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65 കാരനായ റിസ പഹ്‌ലവി. രാജഭരണം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന സൂചനകള്‍ നേരത്തെ റിസ പഹ്‌ലവി നല്‍കിയിരുന്നു.
അതേസമയം ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഉണ്ടായ പ്രതിഷേധം പതിനാലാം നാള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാന്‍ പരമാധികാരി ആയത്തുള്ള ഖൊമനേയിക്കെതിരെ തിരിഞ്ഞ പ്രതിഷേധക്കാര്‍ പൗരോഹിത്യ ഭരണാധികാരികള്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 62 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.