മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കും; കര്‍ശന നടപടിയുമായി തെലങ്കാന

മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കും; കര്‍ശന നടപടിയുമായി തെലങ്കാന

ഹൈദരാബാദ്: മാതാപിതാക്കളെ പരിപാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തെലങ്കാന സര്‍ക്കാര്‍. ഇത്തരക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 ശതമാനം പിടിച്ചെടുക്കാനും അത് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനും നിയമം കൊണ്ടുവരാനാണ് ആലോചന.

പ്രായമായ മാതാപിതാക്കള്‍ മക്കള്‍ക്കെതിരെ നല്‍കുന്ന പരാതികള്‍ ഗൗരവമായി കാണണമെന്നും ശമ്പളത്തിന്റെ 10 ശതമാനം നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് വാഹനങ്ങള്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ട്രൈ സൈക്കിളുകള്‍, ബാറ്ററി വീല്‍ ചെയറുകള്‍, ലാപ്ടോപ്പുകള്‍, ശ്രവണ സഹായികള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് നൂതന ഉപകരണങ്ങള്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കായി 'പ്രാണം' എന്ന പേരില്‍ ഡേ കെയര്‍ സെന്ററുകളും സര്‍ക്കാര്‍ സ്ഥാപിക്കും. 2026-2027 ലെ ബജറ്റ് നിര്‍ദേശങ്ങളില്‍ ആരോഗ്യ സംരക്ഷണ നയവും അവതരിപ്പിക്കും. സംസ്ഥാനത്തെ എല്ലാവര്‍ക്കും മികച്ച ആരോഗ്യ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനാല്‍ അടുത്ത ബജറ്റില്‍ പുതിയ ആരോഗ്യ നയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കൂടാതെ അടുത്ത തിരഞ്ഞെടുപ്പില്‍ എല്ലാ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ട്രാന്‍സ്ജെന്‍ഡറുകളെ കോ-ഓപ്ഷന്‍ അംഗങ്ങളായി നാമനിര്‍ദേശം ചെയ്യും. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു കോ-ഓപ്ഷന്‍ അംഗ സ്ഥാനം അനുവദിക്കും. ഇത് അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ സഹായിക്കും. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ഇതിനകം നിരവധി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദേഹം അവകാശപ്പെട്ടു.

ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി വിദ്യാഭ്യാസത്തിലും തൊഴിലിലും പ്രത്യേക ക്വാട്ട അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ നവ ദമ്പതികള്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡിയെയും മുഖ്യമന്ത്രി അനുസ്മരിച്ചു. വൈകല്യം നേരിട്ടിട്ടും ജയ്പാല്‍ റെഡ്ഡി വലിയ ഉയരങ്ങളിലെത്തിയതായി അദേഹം അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.