വാഷിങ്ടണ്‍: ഇറാനിലുള്ള എല്ലാ അമേരിക്കന്‍ പൗരന്മാരും ഉടന്‍ രാജ്യം വിടണമെന്ന് ഇറാനിലെ യു.എസ് എംബസി. ഇറാനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണ ഭീഷണി ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ഇറാനിലുള്ള അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും ആക്രമണ സാധ്യതയുള്ളതിനാല്‍ അമേരിക്കക്കാര്‍ ഇറാന്‍ വിടണമെന്നുമാണ് മുന്നറിയിപ്പ്. ഇറാന്‍ ഭരണകൂടം സുരക്ഷാ നടപടികള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് അമേരിക്കന്‍ എംബസി നിര്‍ദേശവുമായി രംഗത്തെത്തിയത്.
ഇറാനില്‍ നിന്ന് അമേരിക്കയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ജനുവരി 16 വരെ നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എംബസി അറിയിച്ചു.
അടിയന്തര മുന്‍കരുതലുകളെടുക്കണമെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് രാജ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് കരമാര്‍ഗം അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ പോകാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്നും ഇറാനിലെ യു.എസ് എംബസി വ്യക്തമാക്കി.
താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമുള്ളവര്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തണമെന്നും അവശ്യ സാധനങ്ങള്‍ കരുതണമെന്നും മുന്നറിയിപ്പുണ്ട്. ഇറാനില്‍ തുടരുന്ന അമേരിക്കന്‍ പൗരന്മാരെ ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്യാനും തുറങ്കലിലടയ്ക്കാനുമുള്ള സാധ്യതകള്‍ കൂടുതലാണെന്നും എംബസി അറിയിച്ചു.
അതിനിടെ ഇറാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഓരോ മണിക്കൂറിലും ഇറാനിലെ സ്ഥിതിഗതികളെക്കുറിച്ച് തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.