പേടകം ഉച്ചയ്ക്ക് 2:11 ന് കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഭൂമിയിലേക്ക് പത്തര മണിക്കൂര്‍ യാത്രയാണ്. ഉച്ചയ്ക്ക് 2:11 ന് കാലിഫോര്‍ണിയയില്‍ പസഫിക് തീരത്ത് ഇറങ്ങും. പ്രത്യേക ബോട്ട് ഉപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെത്തിക്കും.
അണ്‍ഡോക്കിങ് പ്രക്രിയ വിജയകരമായിരുന്നുവെന്നും ബഹിരാകാശ നിലയത്തില്‍ നിന്നും എന്‍ഡവര്‍ പേടകം വേര്‍പെട്ടുവെന്നും ഒരു സാങ്കേതിക പ്രശ്നവും ഇല്ലെന്നും സ്പേസ് എക്സും നാസയും വ്യക്തമാക്കി. ഓസ്ട്രേലിയയ്ക്ക് മുകളില്‍ വെച്ചായിരുന്നു അണ്‍ഡോക്കിങ്. ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്നാണ് നാലംഗ സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.
നാസ ബഹിരാകാശ യാത്രികരായ സെന കാര്‍ഡ്മാന്‍, മൈക്ക് ഫിങ്കെ, ജപ്പാന്റെ കിമിയ യുയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഫെബ്രുവരിയില്‍ മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ വംശജന്‍ റോണക് ദാവെയാണ് മടക്ക സംഘത്തെ നയിക്കുന്നത്. ദാവെ ഹ്യൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററിലെ ഫ്ളൈറ്റ് ഡയറക്ടറാണ്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 165 ദിവസം ചെലവഴിച്ച ശേഷമാണ് സംഘം ഭൂമിയിലേക്ക് തിരിച്ചത്. ഓഗസ്റ്റ് രണ്ടിനാണ് നാസയുടെ നാലംഗ സംഘം അന്താരാഷ്ട്ര നിലയത്തില്‍ എത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യ പ്രശ്‌നം കാരണം ദൗത്യം വെട്ടിച്ചുരുക്കി മടക്കയാത്ര നേരത്തേയാക്കുന്നത്. എന്താണ് പ്രശ്‌നമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല. അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോഴില്ലെന്ന് നാസ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.