വീണ്ടും നയതന്ത്ര പ്രതിസന്ധി?.. ബിഷ്ണോയ് സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന് കാനഡ

വീണ്ടും നയതന്ത്ര പ്രതിസന്ധി?.. ബിഷ്ണോയ് സംഘത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ നിര്‍ദേശ പ്രകാരമെന്ന് കാനഡ

ഒട്ടാവ: കനേഡിയന്‍ സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലോറന്‍സ് ബിഷ്‌ണോയ് സംഘം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ റിപ്പോര്‍ട്ട്.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ മൂന്ന് പേജുള്ള റിപ്പോര്‍ട്ടില്‍, ബിഷ്‌ണോയ് സംഘത്തിന് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ച് ആറ് വട്ടം പരാമര്‍ശിക്കുന്നുണ്ട്.

ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ കാനഡയിലെ സ്വാധീനം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള രഹസ്യ നിരീക്ഷണ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. വാന്‍കൂവര്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാനഡ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സജീവമായ ഒരു അക്രമാസക്തമായ ക്രിമിനല്‍ സംഘടനയാണ് ബിഷ്‌ണോയ് ഗ്രൂപ്പ്. ഇവര്‍ ഇന്ത്യന്‍ സര്‍ക്കാരിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അക്രമം നടത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

തട്ടിക്കൊണ്ടു പോകല്‍, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകള്‍ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ബിഷ്‌ണോയ് സംഘം ഏര്‍പ്പെട്ടിട്ടുണ്ടെന്നും കാനഡയില്‍ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തലവന്‍ ലോറന്‍സ് ബിഷ്ണോയ് ഇന്ത്യയിലെ ജയിലിലിരുന്ന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിസന്ധി നേരിട്ടിരുന്നു. ഖാലിസ്ഥാന്‍ ഭീകരനായ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചു. ഇന്ത്യ ഈ ആരോപണം നിഷേധിക്കുകയും തെളിവുകള്‍ ആവശ്യപ്പെടുകയും ചെയ്തു.

അക്രമങ്ങളെയും സംഘടിത കുറ്റകൃത്യങ്ങളെയും കുറിച്ച് കാനഡ ഇന്ത്യയെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ദശകങ്ങളായി ഇന്ത്യ നല്‍കിയ മുന്നറിയിപ്പുകളില്‍ അവര്‍ നടപടിയെടുത്തിട്ടില്ല.

മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായ ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനിടെയാണ് പുതിയ ആരോപണങ്ങള്‍ വരുന്നത്. പത്ത് മാസത്തിലേറെ നിലനിന്ന കടുത്ത നയതന്ത്ര പ്രതിസന്ധിക്ക് ശേഷം 2025 ഓഗസ്റ്റിലാണ് ഇരുരാജ്യങ്ങളും പരസ്പരം പ്രതിനിധികളെ നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.