നൂക്ക്: ഗ്രീന്‍ലന്‍ഡ് പിടിക്കാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കിടെ അവിടേക്ക് സൈനികരെ അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. യു.എസ് ഉള്‍പ്പെട്ട സൈനിക സഖ്യമായ നാറ്റോയിലെ അംഗങ്ങളായ ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളുടെ സൈനികര്‍ വ്യാഴാഴ്ചയാണ് ഗ്രീന്‍ലന്‍ഡില്‍ എത്തിയത്.
ദ്വീപിന്റെ കാര്യത്തില്‍ യു.എസുമായി ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലന്‍ഡിന്റെയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സൈന്യം എത്തിയത്. ചര്‍ച്ചയില്‍ അടിസ്ഥാനപരമായ ഭിന്നതകള്‍ക്ക് പരിഹാരമായില്ലെന്നാണ് റിപ്പോര്‍ട്ട്.
ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമായ ഗ്രീന്‍ലന്‍ഡ് വേണമെന്ന് യു.എസ് ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ്
നിരീക്ഷണത്തിനായി തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡ് തലസ്ഥാനമായ നൂക്കില്‍ വിന്യസിക്കുന്നതെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചു.
ഗ്രീന്‍ലന്‍ഡ് ബല പ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗ്രീന്‍ലന്‍ഡിന്റെയും ഡെന്മാര്‍ക്കിന്റെയും വിദേശകാര്യ മന്ത്രിമാര്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയത്. യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
അടിസ്ഥാനപരമായ വിയോജിപ്പുകളൊന്നും കൂടിക്കാഴ്ചയില്‍ പരിഹരിക്കാനായില്ലെന്നും ദ്വീപ് പിടിക്കാനുള്ള ട്രംപിന്റെ താല്‍പര്യം വ്യക്തമായെന്നും ചര്‍ച്ചയ്ക്ക് ശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്ക് റുസ്മുസെന്‍ പറഞ്ഞു. സൈനിക നടപടിയിലൂടെയല്ലാതെ ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കില്‍ നിന്ന് വിലകൊടുത്ത് വാങ്ങാനുള്ള സാധ്യതയും യുഎസ് ചര്‍ച്ചയില്‍ മുന്നോട്ട് വെച്ചിരുന്നു.
അതേസമയം വരും ദിവസങ്ങളില്‍ ദ്വീപില്‍ നാറ്റോ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും അവരുടെ കൂടുതല്‍ കപ്പലുകളും സേനാ വിമാനങ്ങളും എത്തുമെന്നും ഗ്രീന്‍ലന്‍ഡ് ഉപ പ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു. ആര്‍ട്ടിക്കിലെ സുരക്ഷ ശക്തമാക്കാന്‍ ഒരു പ്രവര്‍ത്തക സംഘം ഉണ്ടാക്കിയിട്ടുണ്ടെന്നും യു.എസിന്റെ മോഹം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടര്‍ന്നും നടത്തുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്‌സണ്‍ പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ ക്ഷണപ്രകാരമാണ് നൂക്കിലേക്ക് സേനയെ അയക്കുന്നതെന്നും ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയിലുയര്‍ത്തുന്ന ഭീഷണി നേരിടാനാണിതെന്നും ജര്‍മനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേക്ക് പുറപ്പെട്ടെന്നും ബാക്കിയുള്ളവര്‍ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി. യൂറോപ്യന്‍ ദൗത്യത്തിന്റെ ഭാഗമായി ഒരു സൈനികോദ്യാഗസ്ഥനെ അയക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് അറിയിച്ചു.
അതേസമയം ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും ഭീഷണിയാകുന്നെന്ന വ്യാജ പ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡിലെ നാറ്റോ സൈനിക വിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് റഷ്യ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.