ഗാസ ഭരിക്കാന്‍ ട്രംപിന്റെ 'സമാധാന സംഘം'; അന്താരാഷ്ട്ര ബോര്‍ഡ് ഓഫ് പീസില്‍ ഇന്ത്യന്‍ വംശജനും

ഗാസ ഭരിക്കാന്‍ ട്രംപിന്റെ 'സമാധാന സംഘം'; അന്താരാഷ്ട്ര ബോര്‍ഡ് ഓഫ് പീസില്‍ ഇന്ത്യന്‍ വംശജനും

ഗാസ: വെടിനിര്‍ത്തലിന്റെ ഭാഗമായി ഗാസ ഭരിക്കാന്‍ 'ബോര്‍ഡ് ഓഫ് പീസ്' അംഗങ്ങളെ പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ബോര്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങളാണ് ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചെയര്‍മാനായ ബോര്‍ഡില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍, പ്രൈവറ്റ് ഇക്വിറ്റി എക്സിക്യൂട്ടീവും ശതകോടീശ്വരനുമായ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപ് ഉപദേഷ്ടാവായ റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവര്‍ അംഗങ്ങളാണ്.

പരിവര്‍ത്തന കാലയളവില്‍ ഗാസയുടെ ഭരണ മേല്‍നോട്ടം വഹിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് അന്താരാഷ്ട്ര ബോര്‍ഡ് ഓഫ് പീസ്. ബോര്‍ഡിന്റെ ചുമതലകളുടെ വിശദാംശങ്ങള്‍ പൂര്‍ണമായി പ്രസിദ്ധികരിച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബറിലാണ് ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

ഇന്ത്യന്‍ വംശജനായ അജയ് ബംഗ 1959 ല്‍ മഹാരാഷ്ട്രയിലാണ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. 1981 ല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബാച്ചിലര്‍ ഓഫ് ആര്‍ട്സ് (ഓണേഴ്സ്) ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി.

മുന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് 2023 ഫെബ്രുവരിയില്‍ ലോക ബാങ്കിനെ നയിക്കാന്‍ അജയ് ബംഗയെ നാമനിര്‍ദേശം ചെയ്തത്. ലോക ബാങ്ക് ഗ്രൂപ്പിന്റെ 14-ാമത് പ്രസിഡന്റാണ് അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.