ഉക്രെയ്നിലെ ചരിത്രപ്രസിദ്ധമായ സെന്റ് നിക്കോളാസ് ദേവാലയം ഇനി കത്തോലിക്കാ സഭയ്ക്ക് സ്വന്തം; 50 വർഷത്തേക്ക് വിട്ടുനൽകി

ഉക്രെയ്നിലെ ചരിത്രപ്രസിദ്ധമായ സെന്റ് നിക്കോളാസ് ദേവാലയം ഇനി കത്തോലിക്കാ സഭയ്ക്ക് സ്വന്തം; 50 വർഷത്തേക്ക് വിട്ടുനൽകി

കീവ്: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ഉക്രൈനിലെ ചരിത്രപ്രസിദ്ധമായ സെന്റ് നിക്കോളാസ് ദേവാലയം കത്തോലിക്കാ സഭയ്ക്ക് തിരികെ ലഭിച്ചു. 50 വർഷത്തേക്ക് ദേവാലയത്തിന്റെ ഉടമസ്ഥാവകാശം കത്തോലിക്കാ ഇടവകയ്ക്ക് കൈമാറിക്കൊണ്ടുള്ള നിർണായക തീരുമാനമാണ് അധികൃതർ കൈക്കൊണ്ടത്. സോവിയറ്റ് ഭരണകാലത്ത് പിടിച്ചെടുക്കപ്പെട്ട ഈ ദേവാലയം തിരികെ ലഭിക്കുന്നതിനായി വിശ്വാസികൾ വർഷങ്ങളായി പ്രാർത്ഥനയിലും പ്രതിഷേധത്തിലുമായിരുന്നു.

1899 നും 1909 നും ഇടയിൽ നിർമ്മിക്കപ്പെട്ട കീവിലെ ഈ ദേവാലയം നിയോ-ഗോത്തിക് വാസ്തുവിദ്യയുടെ വിസ്മയമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ 1930 കളിൽ സോവിയറ്റ് ഭരണകൂടം ദേവാലയം പിടിച്ചെടുക്കുകയും മതപരമായ ചടങ്ങുകൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇതൊരു കൺസേർട്ട് ഹാൾ ആയാണ് സർക്കാർ ഉപയോഗിച്ചിരുന്നത്. 1991 ൽ ഉക്രെയ്ൻ സ്വാതന്ത്ര്യം നേടിയതിന് ശേഷവും ദേവാലയം പൂർണമായി സഭയ്ക്ക് വിട്ടുകിട്ടിയിരുന്നില്ല.

2021ൽ ദേവാലയത്തിനുള്ളിലുണ്ടായ തീപിടുത്തം വലിയ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇതിനെത്തുടർന്ന് ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനുമായി പള്ളി തിരികെ നൽകണമെന്ന ആവശ്യം കത്തോലിക്കാ സമൂഹം ശക്തമാക്കി. ഒടുവിൽ അധികൃതർ വഴങ്ങുകയും ദേവാലയം ദീർഘകാല കരാറിൽ ഇടവകയ്ക്ക് കൈമാറാൻ തീരുമാനിക്കുകയുമായിരുന്നു.

ഈ തീരുമാനം ഉക്രെയ്നിലെ കത്തോലിക്കാ വിശ്വാസികൾക്ക് വലിയ വിജയമാണ്. തകർന്ന ഭാഗങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇനി സഭയുടെ നേതൃത്വത്തിൽ നടക്കും. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ദേവാലയത്തിൽ തിരുക്കർമ്മങ്ങൾ അർപ്പിക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഇതോടെ വിശ്വാസികൾക്ക് ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.