തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചത്. ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു.
ഇടുക്കി ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവും മൂന്ന് വട്ടം മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം എംഎല്‍എയാമായിരുന്ന രാജേന്ദ്രന്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഒരു മാസത്തോളമായി ബിജെപി നേതൃത്വവുമായി സജീവ ചര്‍ച്ചയിലായിരുന്നു. നേരത്തെ തിരുവനന്തപുരത്ത് എത്തി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നതെന്ന് എസ്. രാജേന്ദ്രന്‍ പറഞ്ഞു. ബിജെപിയില്‍ ചേരുന്നതിന് പ്രത്യേക നിബന്ധനകള്‍ വച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും രാജേന്ദ്രന്‍ വ്യക്തമാക്കി.
2006, 2011, 2016 എന്നീ കാലയളവില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറെ കാലമായി സിപിഎമ്മുമായി അകന്ന് നില്‍ക്കുകയായിരുന്നു അദേഹം.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ. രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരില്‍ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ്. രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.