ന്യൂ സൗത്ത് വെയിൽസിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും: ഒരാൾ മരിച്ചു; 20 ലധികം ബീച്ചുകൾ അടച്ചു

ന്യൂ സൗത്ത് വെയിൽസിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും: ഒരാൾ മരിച്ചു; 20 ലധികം ബീച്ചുകൾ അടച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ശനിയാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും ഒരാൾ മരിച്ചു.

ഇല്ലവാറ ഹൈവേയിലെ മക്വാറി പാസിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തുടർച്ചയായ മഴയെത്തുടർന്ന് സിഡ്‌നിയിലെ നോർത്തേൺ ബീച്ചുകൾ, നാരബീൻ ലഗൂൺ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നു. മിന്നൽ പ്രളയ ഭീഷണിയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒഴിപ്പിക്കപ്പെട്ടവർക്കായി മൊന വെയിൽ മെമ്മോറിയൽ ഹാളിൽ പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

ഗ്രേറ്റ് മാക്കറൽ ബീച്ചിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്തുടനീളം 20-ലധികം ബീച്ചുകൾ അടച്ചിട്ടു.
പേൾ ബീച്ചിൽ രണ്ട് മണിക്കൂറിനുള്ളിൽ 130 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1400 ലധികം സഹായ അഭ്യർത്ഥനകളാണ് സ്റ്റേറ്റ് എമർജൻസി സർവീസിന് ലഭിച്ചത്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 20 ലധികം അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിയതായും അധികൃതർ അറിയിച്ചു.

വയോങ് നദിയിലും ജിലിബി ക്രീക്കിലും ജലനിരപ്പ് ഉയരുന്നതിനാൽ യാറമലോങ്, ഡൂറലോങ് മേഖലകൾ ഒറ്റപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഞായറാഴ്ചയും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും, വെള്ളം കയറിയ റോഡുകളിലൂടെ വാഹനമോടിക്കാതിരിക്കാനും ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.