മറുവാക്ക് കേള്‍ക്കുവാന്‍ കാത്തിരിക്കാതെ സംഗീതത്തിന്റെ തമ്പുരാന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വിട പറഞ്ഞിട്ട് 15 വര്‍ഷങ്ങള്‍

മറുവാക്ക് കേള്‍ക്കുവാന്‍ കാത്തിരിക്കാതെ സംഗീതത്തിന്റെ തമ്പുരാന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ വിട പറഞ്ഞിട്ട് 15 വര്‍ഷങ്ങള്‍

തൃശൂര്‍ നെല്ലിക്കുന്നിലെ സെന്റ് സെബാസ്റ്റ്യന്‍ ഇടവക പള്ളിയില്‍ ഗായക സംഘത്തില്‍ അംഗമായിരുന്ന തട്ടില്‍ കുടുംബത്തിലെ പയ്യന്‍ തന്റെ പതിനഞ്ചാം വയസില്‍ കൂട്ടുകാരുമൊത്ത് 'വോയിസ് ഓഫ് ട്രിച്ചൂര്‍' എന്ന ഗാനമേള ട്രൂപ്പ് ഉണ്ടാക്കി. ഈ ട്രൂപ്പ് കേരളം മുഴുവന്‍ കത്തിക്കയറുവാന്‍ അധികം സമയം വേണ്ടി വന്നില്ല.

ഗായകന്‍ പി. ജയചന്ദ്രന്റെ ഗായക സംഘത്തിലെ വാദ്യോപകരണങ്ങള്‍ വായിച്ചതുകൊണ്ടാവാം ജോണ്‍സണ്‍നിലെ പ്രതിഭയെ അദേഹം വേഗത്തില്‍ തിരിച്ചറിഞ്ഞു. പിന്നീട് ഒട്ടും വൈകിയില്ല, കയ്യോടെ തൂക്കിയെടുത്ത് സംഗീത ചക്രവര്‍ത്തിയായി വാണിരുന്ന ദേവരാജന്‍ മാസ്റ്ററിനെ ഏല്‍പ്പിക്കുകയായിരുന്നു. അര്‍ജുനന്‍ മാഷിനെ പോലെ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായിക്കഴിഞ്ഞകാലം ജോണ്‍സനെ സംബന്ധിച്ചിടത്തോളം തന്റെ ആയുധപ്പുരയിലെ എല്ലാ ആയുധങ്ങളും തേച്ചുമിനുക്കുവാന്‍ കിട്ടിയ അവസരമായിരുന്നു. ദേവരാജന്‍ മാസ്റ്ററുടെ ഉപദേശം അനുസരിച്ച് ശാസ്ത്രീയ സംഗീതം പഠിച്ചതും അക്കാലത്തായിരുന്നു.

പറക്ക പറ്റിയെന്ന് തോന്നിയപ്പോള്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആരവം സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയാണ് ജോണ്‍സണ്‍ സിനിമയിലേക്ക് തന്റെ വരവറിയിച്ചത്. പശ്ചാത്തല സംഗീതത്തിന് പുറമേ സംഗീതം സംവിധാനത്തിലും രംഗ പ്രവേശനം ചെയ്തു. പിന്നീടങ്ങോട്ട് ജോണ്‍സനെ പിടിച്ചാല്‍ കിട്ടാത്ത നിലയിലായി. കൂടുതലും മെലഡി ഗാനങ്ങളിലാണ് അദേഹം കൈവെച്ചത്. 'കല്യാണി'യായിരുന്നു ഇഷ്ടപ്പെട്ട രാഗം. കേള്‍ക്കുവാന്‍ ഇമ്പമാര്‍ന്ന ഈണം. കൈവെച്ച ഗാനങ്ങള്‍ പൊന്നായി മാറി. ജോണ്‍സണ്‍ അവിടെ നിന്നും ജോണ്‍സണ്‍ മാസ്റ്ററായി രൂപാന്തരപ്പെട്ടു.


ദേവരാജന്‍ മാസ്റ്ററാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തതെങ്കില്‍ അദേഹത്തിന്റെ ശിഷ്യനായ ജോണ്‍സണ്‍ മാഷിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. മുന്നൂറിലധികം ചിത്രങ്ങളില്‍ നിന്നായി അറുനൂറോളം ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്തു.

സത്യന്‍ അന്തിക്കാടിന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ സംഗീത സംവിധാനം ചെയ്തതെങ്കില്‍ കൂടുതല്‍ ഹിറ്റായത് കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ഒത്തുള്ള ഗാനങ്ങള്‍ക്കാണെന്നു കരുതുന്നു. കൈതപ്രത്തിന്റെ അടുത്ത സ്‌നേഹിതനായിരുന്നു. മാഷിന്റെ പാട്ടുകളില്‍ കൂടുതലും പാടിയത് യേശുദാസും ചിത്രയും എസ്. ജാനകിയും തന്നെ.
എണ്‍പതുകളും തൊണ്ണൂറുകളും ജോണ്‍സണ്‍ മാഷ് അടക്കിവാണിരുന്നു. ഹര്‍മോണിയവും ഗിറ്റാറും വയലിനും ഫ്‌ലൂട്ടുമുള്‍പ്പെടെ പത്ത് സംഗീതോപകരണങ്ങള്‍ ജോണ്‍സന്‍ മാഷിന് വഴങ്ങിയിരുന്നു. മികച്ച ഗായകന്‍ കൂടിയായ ജോണ്‍സന്‍ മാഷിനെ സംഗീതസാഗരത്തിലെ സര്‍വകലാവല്ലഭന്‍ എന്ന് വിശേഷിപ്പിക്കാം.

ഓര്‍ക്കസ്ട്രറയെ സംഗീതത്തിന്റെ അഭ്രപാളിയിയിലേക്ക് കൈപിടിച്ചു നടത്തുന്ന പ്രതീതി അദേഹത്തിന്റെ എത്രയോ പാട്ടുകളില്‍ നാം അനുഭവിച്ചറിഞ്ഞു. പശ്ചാത്തല സംഗീതത്തില്‍ വിസ്മയിപ്പിച്ച മായാജാലക്കാരന്‍. സിനിമയില്‍ സങ്കടങ്ങളിലും സന്തോഷത്തിലും പിരിമുറുക്കങ്ങളിലുമുള്ള അദേഹത്തിന്റെ കൈകളില്‍ നിന്നും ഉണര്‍ന്നുവരുന്ന ബിജിഎം കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും ഒരേപോലെ വിസ്മയമായിരുന്നു. അതിന്നും മാസ്റ്ററുടെ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ സിനിമയിലെ രംഗത്തിലേക്ക് നമ്മളെ അറിയാതെ കൂട്ടിക്കൊണ്ടുപോകും.

തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ബിജിഎം കേള്‍ക്കുമ്പോള്‍ ക്ലാരയെയും ജയകൃഷ്ണനെയും ഓര്‍മ്മ വരില്ലേ? കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി... ഈ പാട്ട് കേള്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ നടന്നു നീങ്ങുന്ന ആ രംഗം കണ്ട് മനസൊന്നു പിടയില്ലേ? 'ഞാന്‍ ഗന്ധര്‍വനി'ലെ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം...., :കൂടെവിടെ'യിലെ ആടി വാ കാറ്റേ പാടി വാ കാറ്റേ...' ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ട'ത്തിലെ മെല്ലെ മെല്ലെ മുഖപടം...., പൂവേണം പൂപ്പട വേണം..., ' ഈ പുഴയും കടന്ന്' ചിത്രത്തിലെ രാത്തിങ്കല്‍ പൂത്താലി ചാര്‍ത്തി....., ദേവ കന്യക സൂര്യതമ്പുരു മീട്ടുന്നു... 'ചമയ'ത്തിലെ രാജഹംസമേ..., 'കുടുംബസമേത'ത്തിലെ നീലരാവിലിന്നു നിന്റെ താരഹാരമിളകി....' മാനത്തെ വെള്ളിത്തേര്' എന്ന ചിത്രത്തിനു വേണ്ടി മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങു....'പാളങ്ങള്‍' എന്ന സിനിമയ്ക്ക് വേണ്ടി ഏതോ ജന്മ കല്‍പ്പനയില്‍.....അങ്ങനെ, പാടിയാല്‍ തീരാത്ത, പറഞ്ഞാല്‍ തീരാത്ത മനസില്‍ നിന്നും മായാത്ത എത്രയെത്ര ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.


'പൊന്തന്‍മാട' 'സുകൃതം' എന്നീ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്‌കാരവും, പൊന്തന്‍ മാട എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ദേശീയ പുരസ്‌കാരവും ലഭിക്കുകയുണ്ടായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ രണ്ട് തവണ പശ്ചാത്തല സംഗീതത്തിനും മൂന്ന് തവണ സംഗീത സംവിധാനത്തിനും അദേഹം അര്‍ഹനായി. പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ.
ഗാനാസ്വാദര്‍ക്ക് യേശുദാസിനെ ഓര്‍ക്കാത്ത ഒരു ദിവസമില്ലെങ്കില്‍ ജോണ്‍സണ്‍ മാഷിനെയും ആ ഗണത്തില്‍ കരുതാം. സംഗീതം ലഹരിയാക്കിയ മനുഷ്യന്‍. മഴ, കട്ടന്‍ ചായ, പരിപ്പുവട, ജോണ്‍സണ്‍ മാഷിന്റെ ഗാനങ്ങള്‍. ഇതായിരുന്നു ഒരുകാലത്ത് മലയാളികളുടെ സന്തോഷം. അതേ മാഷേ മലയാളികള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അങ്ങയുടെ സംഗീതവും ഇവിടെയുണ്ടാവും.
ജോണ്‍സണ്‍ മാഷിന്റെ മുഖത്തുനോക്കുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിയിലെ നീണ്ട മുറിവിന്റെ പാട് ശ്രദ്ധയില്‍പ്പെടും. കുട്ടിക്കാലത്ത് കൂട്ടുകാരുമൊന്നിച്ചുള്ള കളികളില്‍ അദേഹം കിണറ്റില്‍ നെറ്റിയടിച്ചു വീണപ്പോള്‍ ഉണ്ടായ മുറിവിന്റെ പാടാണത്. മുറിവുണങ്ങിയെങ്കിലും ആ പാട് അങ്ങനെ തന്നെ നിലനിന്നു.

ആയിരത്തി തൊള്ളയിരത്തി തൊണ്ണൂറുകളുടെ അവസാനത്തില്‍ ജോണ്‍സണ്‍ മാഷ് മദ്രാസ് യാത്രാമധ്യേ ഓടുന്ന ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ പാളത്തിലേക്ക് വീണ ഒരു സംഭവമുണ്ട്. പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിതാരയുമായി ഒന്നിച്ചുള്ള യാത്രയായിരുന്നു അത്. ഇതേ തുടര്‍ന്ന് അദേഹത്തിന് കാര്യമായ പരിക്ക് പറ്റിയിരുന്നു. കുറെ നാള്‍ സംഗീത രംഗത്തുനിന്നും മാറിനില്‍ക്കേണ്ടിയും വന്നു.


ജോണ്‍സണ്‍ മാഷ് രണ്ടായിരത്തിന് ശേഷം കുറെ വര്‍ഷത്തേക്ക് സംഗീതത്തില്‍ നിന്നും അകന്നുനിന്നു. തന്നെ ഇനി സംഗീതത്തിന് ആവശ്യമില്ല എന്ന ഒരു ധാരണ അദേഹത്തിന്റെ മനസില്‍ കയറിക്കൂടി. അതിന് കാരണമായി അദേഹം കരുതിയിരുന്നത് പുതുതലമുറ ഓര്‍ക്കസ്ട്രായുടെ എണ്ണം കുറച്ച് എല്ലാം ഒന്നോ രണ്ടോ സംഗീതോപകരണങ്ങളില്‍ ഒതുക്കി നിര്‍മിക്കുന്നുവെന്നാണ്. ഓര്‍ക്കസ്ട്രാസ്യും ഗായകനെയും ചേര്‍ത്ത്, പാട്ടിന് കോണ്‍ട്രാക്ട് പിടിക്കുന്നു. അപ്പോള്‍ ഇനി തന്റെ ആവശ്യമില്ല. മാത്രമല്ല തന്നെയാരും വിളിക്കുന്നുമില്ല. വസ്തുത എന്തായാലും ഈ ചിന്താഗതി അദേഹത്തിന്റെ മനസിനെ വല്ലാതെ നിരാശനാക്കി. ഡിപ്രഷന് അടിമപ്പെട്ട ജോണ്‍സണ്‍ മാഷ് ചികിത്സയിലായിരുന്നു എന്നും പറയപ്പെടുന്നു. രണ്ടായിരത്തിന് ശേഷം അദേഹം സംഗീത രംഗത്ത് നിന്നും മാറി നിന്നതാണോ മാറ്റി നിര്‍ത്തിയതാണോ എന്ന് വ്യക്തമല്ല. ഇതേപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല, കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല.

2011 ഓഗസ്റ്റ് 18ന് ചെന്നൈയില്‍ വച്ചായിരുന്നു ജോണ്‍സണ്‍ മാഷിനെ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞത്. അതെ നമ്മുടെ സ്വന്തം മെലഡി മാന്ത്രികന്‍ നമ്മെ വേര്‍പിരിഞ്ഞിട്ട് ഇന്ന് (18/08/2026) 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. മരിക്കുമ്പോള്‍ അഹേത്തിന് അന്‍പത്തിയെട്ടു വയായിയിരുന്നു പ്രായം. സംഗീതപ്രേമികളുടെ മനസില്‍ കത്തിയെരിയുന്ന കനലായി അതിന്നും എന്നും അവശേഷിക്കും. 2012 ല്‍ അദേഹത്തിന്റെ ഏക മകന്‍ ബൈക്ക് അപകടത്തിലും 2016 ല്‍ ഗായികയും സംഗീത സംവിധായകയുമായ ഏക മകളള്‍ ഹൃദയസ്തംഭനത്താലും അമ്മയെ തനിച്ചാക്കി അച്ഛന്റെ സമീപത്തേക്ക് യാത്രയായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.