ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കാനൊരുങ്ങി ഇറാൻ; ലക്ഷ്യം സമ്പൂർണ വിവരനിയന്ത്രണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കാനൊരുങ്ങി ഇറാൻ; ലക്ഷ്യം സമ്പൂർണ വിവരനിയന്ത്രണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

ടെഹ്റാൻ : ആഗോള ഇന്റർനെറ്റ് ശൃംഖലയിൽ നിന്നും സ്ഥിരമായി വിട്ടുനിൽക്കാനും രാജ്യത്തിനുള്ളിൽ മാത്രമായി ചുരുങ്ങുന്ന ഒരു ഇൻട്രാനെറ്റ് സംവിധാനം നടപ്പിലാക്കാനും ഇറാൻ ഭരണകൂടം രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇറാനിയൻ ഡിജിറ്റൽ അവകാശ പ്രവർത്തകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ദി ഗാർഡിയൻ' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സർക്കാർ അംഗീകൃതരായ ചുരുക്കം ചില വ്യക്തികൾക്ക് മാത്രമേ ആഗോള ഇന്റർനെറ്റ് ലഭ്യമാകൂ. മറ്റുള്ളവർക്ക് ഇറാൻ സർക്കാർ നിയന്ത്രിക്കുന്ന ആഭ്യന്തര ശൃംഖല മാത്രമായിരിക്കും ഉപയോഗിക്കാൻ കഴിയുക. ആഗോള ഇന്റർനെറ്റിലേക്കുള്ള പ്രവേശനം ഒരു "സർക്കാർ ആനുകൂല്യമായി" മാറ്റാനുള്ള രഹസ്യ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇന്റർനെറ്റ് സെൻസർഷിപ്പിനെതിരെ പ്രവർത്തിക്കുന്ന 'ഫിൽറ്റർവാച്ച്'എന്ന സംഘടനയാണ് ഈ വിവരം പുറത്തുവിട്ടത്.

സുരക്ഷാ ക്ലിയറൻസ് ലഭിച്ചവർക്കും സർക്കാർ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും മാത്രമേ ഫിൽറ്റർ ചെയ്തതെങ്കിലും ആഗോള ഇന്റർനെറ്റ് ലഭ്യമാകൂ. സാധാരണക്കാർക്ക് പുറംലോകവുമായി ബന്ധമില്ലാത്ത ആഭ്യന്തര വെബ്സൈറ്റുകൾ മാത്രം ലഭ്യമാകുന്ന 'നാഷണൽ ഇന്റർനെറ്റ്' കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

2026 ന് ശേഷം നിയന്ത്രണങ്ങളില്ലാത്ത ഇന്റർനെറ്റ് സേവനം തിരികെ ലഭിക്കില്ലെന്ന് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളും വക്താക്കളും സൂചന നൽകിക്കഴിഞ്ഞു.

ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതിനെത്തുടർന്ന് ജനുവരി എട്ട് മുതൽ ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതിനകം 180 മണിക്കൂറിലധികം രാജ്യം ഡിജിറ്റൽ അന്ധകാരത്തിലായി. പ്രക്ഷോഭങ്ങളെ അടിച്ചമർത്താനും പുറംലോകത്തേക്ക് വിവരങ്ങൾ ചോരുന്നത് തടയാനും ഈ ഷട്ട്ഡൗൺ ഭരണകൂടത്തെ സഹായിച്ചതായാണ് വിലയിരുത്തൽ. പേർഷ്യൻ പുതുവർഷമായ 'നൗറൂസ്' (മാർച്ച് 20) വരെ നിയന്ത്രണങ്ങൾ തുടർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.

2009 മുതൽ ഇറാൻ സ്വന്തമായി ഒരു 'നാഷണൽ ഇൻഫർമേഷൻ നെറ്റ്‌വർക്ക്' നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. ചൈനീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ നിരീക്ഷണം സാധ്യമാക്കുന്നതെന്നാണ് സൂചന. ഇറാനിയൻ ബാങ്കുകളും ബിസിനസുകളും തങ്ങളുടെ സെർവറുകൾ രാജ്യത്തിനുള്ളിലേക്ക് മാറ്റാൻ നേരത്തെ തന്നെ നിർബന്ധിതരായിരുന്നു.

ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടുത്ത നിയന്ത്രണം ഇറാനിലെ ജനങ്ങളെയും സമ്പദ്‌ വ്യവസ്ഥയെയും സാരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോളതലത്തിൽ നിന്നുള്ള ഈ ഒറ്റപ്പെടൽ സാങ്കേതിക രംഗത്തും വാണിജ്യ രംഗത്തും വലിയ തിരിച്ചടികൾക്ക് കാരണമായേക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.