ചന്ദ്രനിലേക്ക് പറക്കാന്‍ ആര്‍ട്ടെമിസ് 2; ഭീമന്‍ റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റി

ചന്ദ്രനിലേക്ക് പറക്കാന്‍ ആര്‍ട്ടെമിസ് 2; ഭീമന്‍ റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റി

ആര്‍ട്ടെമിസ് 2 ദൗത്യത്തിനായി ഒരുങ്ങുന്ന റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവര്‍.

വാഷിങ്ടണ്‍: അര നൂറ്റാണ്ടിന് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനടുത്തേക്ക് കുതിക്കുന്നു. നാസയുടെ സ്വപ്ന ദൗത്യമായ ആര്‍ട്ടെമിസ് 2 ഫെബ്രുവരിയില്‍ വിക്ഷേപിക്കും. ഫെബ്രുവരി ആറിനാണ് വിക്ഷേപണത്തിന് ലക്ഷ്യമിടുന്നതെങ്കിലും കാലാവസ്ഥാ, സാങ്കേതിക ഘടകങ്ങള്‍ക്കനുസരിച്ച് വിക്ഷേപണ തിയതി മാറിയേക്കാം.

റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നിവരാണ് യാത്രികര്‍. ഇവരില്‍ ജെറമി കനേഡിയന്‍ സ്‌പേസ് ഏജന്‍സി പ്രതിനിധിയും മറ്റുള്ളവര്‍ അമേരിക്കക്കാരുമാണ്. ദൗത്യ സംഘം ചന്ദ്രനിലിറങ്ങില്ല. പകരം ദൗത്യത്തിലെ ഒറിയോണ്‍ പേടകം ഇവരുമായി ചന്ദ്രനടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ തിരിച്ചെത്തും.


ഈ ദൗത്യം വിജയിക്കുന്നതോടെ മറ്റ് നാല് യാത്രികരെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ് 3 ദൗത്യവുമായി നാസ മുന്നോട്ടു പോകും. 1972 ല്‍ അപ്പോളോ 17 ലൂടെയാണ് മനുഷ്യന്‍ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ഇതിന് ശേഷം മനുഷ്യരുമായി ചന്ദ്രന്റെ അടുത്ത് എത്തുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2.

ആര്‍ട്ടെമിസ് 3, 2027 പകുതിയോടെ ലക്ഷ്യമിടുന്നു.  2022 നവംബറിലാണ് ആര്‍ട്ടെമിസ് പദ്ധതിയിലെ ആദ്യ ദൗത്യമായ ആര്‍ട്ടെമിസ് 1 വിക്ഷേപിച്ചത്. ഇതിലൂടെ ഒറിയോണ്‍ പേടകം സഞ്ചാരികളില്ലാതെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയിരുന്നു.

ആര്‍ട്ടെമിസ് 2 ദൗത്യത്തിന് തുടക്കം കുറിച്ച് സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ്, ലോഞ്ച് പാഡ് 39 ബിയിലേക്ക് മാറ്റി. 98 മീറ്റര്‍ ഉയരമുള്ള ഭീമന്‍ റോക്കറ്റ് അസംബ്ലി കെട്ടിടത്തില്‍ നിന്ന് 6.43 കിലോ മീറ്റര്‍ ദൂരയുള്ള ലോഞ്ച് പാഡിലേക്ക് മാറ്റുന്ന 12 മണിക്കൂര്‍ നീണ്ട ദൗത്യമാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 30 നിലകളുള്ള റോക്കറ്റ് ലോഞ്ച് പാഡിലേക്കാണ് എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഭീമന്‍ റോക്കറ്റിനെ മാറ്റിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.