വാഷിങ്ടണ്‍: സൈനിക നടപടി നിര്‍ത്തി വെച്ചതിന് പിന്നാലെ ഇറാനുമേല്‍ സാമ്പത്തിക സമ്മര്‍ദം ശക്തമാക്കി അമേരിക്ക. ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയ ഇറാന്റെ ഉന്നതതല ഉദ്യോഗസ്ഥര്‍ക്കെതിരെ യു.എസ് ട്രഷറി വകുപ്പ് ഉപരോധം പ്രഖ്യാപിച്ചു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ അടുത്ത അനുയായിയും ദേശീയ സുരക്ഷ കൗണ്‍സില്‍ തലവനുമായ അലി ലാരിജാനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് ഉപരോധം. പ്രക്ഷോഭത്തിനെതിരെ നടപടി ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യു.എസ് ട്രഷറി വകുപ്പ് ആരോപിച്ചു.
ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡിന്റെ കമാന്‍ഡര്‍മാര്‍ക്കെതിരെയും നിരവധി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരോധത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അമേരിക്കയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിയില്ല.
ഇറാന്‍ എണ്ണ വില്‍പനയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന യു.എ.ഇയിലെ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷ പങ്കാളിയായ യു.എ.ഇയുടെ സഹായത്തോടെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തി ഉപരോധങ്ങളെ ഇറാന്‍ മറികടന്നിരുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ അക്രമാസക്തമായ നടപടി സ്വീകരിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലിന്റെയും ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭയക്കുന്ന ചില ഗള്‍ഫ് രാജ്യങ്ങളുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഇറാനെ ആക്രമിക്കുന്നതില്‍ നിന്ന് ട്രംപ് തല്‍കാലം പിന്‍മാറിയത്.
എന്നാല്‍ ഭാവിയില്‍ മേഖലയില്‍ സൈനിക ശക്തി വ്യാപിച്ചാല്‍ ഇറാനെ അമേരിക്ക ആക്രമിക്കാന്‍ സാധ്യതയുണ്ടാകുമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.