ട്രംപ് ഭരണകൂടത്തിന് ഒരു വയസ്; അനുകൂലിച്ചും വിയോജിച്ചും കത്തോലിക്കാ സഭ

ട്രംപ് ഭരണകൂടത്തിന് ഒരു വയസ്; അനുകൂലിച്ചും വിയോജിച്ചും കത്തോലിക്കാ സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ഒരു വർഷം പൂർത്തിയാക്കുമ്പോൾ അദേഹത്തിന്റെ നയങ്ങളെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രതികരണങ്ങളിൽ പ്രതീക്ഷയും ആശങ്കയും ഒരേപോലെ നിഴലിക്കുന്നു. 2026 ജനുവരിയിൽ ട്രംപ് ഭരണകൂടം ഒരു വർഷം പിന്നിടുമ്പോൾ ജീവന്റെ സംരക്ഷണം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ സഭ അദേഹത്തെ പ്രശംസിക്കുമ്പോൾ തന്നെ കുടിയേറ്റം, വധശിക്ഷ തുടങ്ങിയ വിഷയങ്ങളിൽ കടുത്ത വിയോജിപ്പും രേഖപ്പെടുത്തുന്നു.

അബോർഷൻ അനുകൂല സംഘടനയായ 'പ്ലാൻഡ് പാരന്റ്ഹുഡി'നുള്ള ഫണ്ട് വെട്ടിക്കുറച്ചതും ഭ്രൂണകലകൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും സഭ സ്വാഗതം ചെയ്തു. അമലോത്ഭവ തിരുനാളിനെ ആദരിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ആദ്യ പ്രസിഡന്റ് എന്ന നേട്ടവും ട്രംപ് സ്വന്തമാക്കി. മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളും 'വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ്' സ്ഥാപിച്ചതും വിശ്വാസി സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന നടപടികളാണ്.

എന്നാൽ കുടിയേറ്റ നയങ്ങളിലെ കാർക്കശ്യം സഭയെ ചൊടിപ്പിച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള നീക്കവും അഭയാർത്ഥികൾക്ക് സഹായം നൽകുന്ന കാത്തലിക് ചാരിറ്റീസ് പോലുള്ള സംഘടനകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതും യു.എസ് മെത്രാൻ സമിതിയുടെ ശക്തമായ വിമർശനത്തിന് കാരണമായി. കുടുംബങ്ങളെ വേർപിരിക്കുന്ന നടപടികൾ ക്രൈസ്തവ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി.

കൂടാതെ വധശിക്ഷ വീണ്ടും നടപ്പിലാക്കാനുള്ള നീക്കത്തെയും വെനിസ്വേലയിലെ ഏകപക്ഷീയമായ സൈനിക ഇടപെടലുകളെയും സഭ ശക്തമായി എതിർക്കുന്നു. ട്രംപിന്റെ അമേരിക്ക ഫസ്റ്റ് നയവും സഭ ഉയർത്തിപ്പിടിക്കുന്ന വിശ്വസാഹോദര്യ ദർശനങ്ങളും തമ്മിലുള്ള ആശയപരമായ സംഘർഷം വരും നാളുകളിൽ കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.