ഭൂമിയിലെ അന്തരീക്ഷവും കാന്തിക കവചവും ഇത്തരം മാരകമായ വികിരണങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് നേരിട്ട് അപകടമുണ്ടാക്കില്ല എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൗര വികിരണ കൊടുങ്കാറ്റ് (Solar Radiation Storm) ഭൂമിയിലേക്ക് എത്തുന്നതായി യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ കീഴിലുള്ള ശാസ്ത്രീയ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (എന്‍.ഒ.എ.എ) മുന്നറിയിപ്പ്.
2003 ന് ശേഷമുള്ള ഏറ്റവും തീവ്രമായ സൗര വികിരണ കൊടുങ്കാറ്റ് സാറ്റലൈറ്റ് വിനിമയ സംവിധാനങ്ങളെയും അന്താരാഷ്ട്ര വിമാന സര്‍വീസുകളെയും സാരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
സൂര്യന്റെ ഉപരിതലത്തിലുണ്ടാകുന്ന ശക്തമായ കാന്തിക വ്യതിയാനങ്ങളും വിസ്‌ഫോടനങ്ങളും മൂലം ഉയര്‍ന്ന ഊര്‍ജമുള്ള ചാര്‍ജിത കണങ്ങള്‍ അതിവേഗത്തില്‍ ബഹിരാകാശത്തേക്ക് പുറന്തള്ളപ്പെടുന്ന പ്രതിഭാസമാണിത്. 'സോളാര്‍ ഫ്‌ളെയറുകള്‍' അല്ലെങ്കില്‍ 'കൊറോണല്‍ മാസ് ഇജക്ഷന്‍' എന്നിവയുടെ ഫലമായാണ് ഇവ സംഭവിക്കുന്നത്.
വെളിച്ചത്തിന്റെ വേഗതയ്ക്കടുത്ത വേഗത്തില്‍ സഞ്ചരിക്കുന്ന ഈ കണങ്ങള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ഭൂമിയിലെത്താന്‍ സാധിക്കും. എന്‍.ഒ.എ.എയുടെ സ്‌കെയില്‍ പ്രകാരം 'S4' (Severe) വിഭാഗത്തിലാണ് ഈ കൊടുങ്കാറ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റുകള്‍ക്ക് ഈ വികിരണങ്ങള്‍ വലിയ ഭീഷണിയാണ്. തീവ്രമായ കണങ്ങള്‍ സാറ്റലൈറ്റുകളുടെ സോളാര്‍ പാനലുകളുടെ കാര്യക്ഷമത കുറയ്ക്കുകയും ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ തകരാറുകള്‍ വരുത്തുകയും ചെയ്യും.
ഇത് ജിപിഎസ് നാവിഗേഷന്‍ തടസപ്പെടാനും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടാനും കാരണമായേക്കാം. സ്റ്റാര്‍-ട്രാക്കറുകള്‍ പോലുള്ള സെന്‍സറുകള്‍ക്ക് ദിശ തെറ്റുന്നത് വഴി സാറ്റലൈറ്റുകളുടെ നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഭൂമിയുടെ കാന്തിക വലയം ഏറ്റവും ദുര്‍ബലമായ ധ്രുവ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളെയും ഈ കൊടുങ്കാറ്റ് ബാധിക്കും. കൂടുതല്‍ ഉയരത്തില്‍ പറക്കുന്ന വിമാനങ്ങളിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും വികിരണങ്ങള്‍ ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ പല വിമാനക്കമ്പനികളും ധ്രുവ പ്രദേശങ്ങള്‍ വഴിയുള്ള റൂട്ടുകള്‍ മാറ്റാന്‍ ആലോചിക്കുകയാണ്. മാത്രമല്ല ഹൈ-ഫ്രീക്വന്‍സി റേഡിയോ ആശയ വിനിമയം തടസപ്പെടുന്നത് വിമാനങ്ങളുടെ സുഗമമായ യാത്രയെ ബാധിക്കും.
ഭൂമിയിലെ അന്തരീക്ഷവും കാന്തിക കവചവും ഇത്തരം മാരകമായ വികിരണങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് നേരിട്ട് അപകടമുണ്ടാക്കില്ല എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും ബഹിരാകാശ നിലയങ്ങളില്‍ കഴിയുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കാം.
ഈ പ്രതിഭാസത്തിന്റെ ഭാഗമായി ആകാശത്ത് അത്യപൂര്‍വ്വമായ രീതിയില്‍ 'അറോറ' എന്നറിയപ്പെടുന്ന വര്‍ണ ദീപ്തികള്‍ ദൃശ്യമാകാനും സാധ്യതയുണ്ട്. ആധുനിക ലോകം വന്‍തോതില്‍ സാറ്റലൈറ്റുകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സൗര കൊടുങ്കാറ്റുകളെ അതീവ ജാഗ്രതയോടെയാണ് ശാസ്ത്ര ലോകം നിരീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.