'വോട്ടിന് കിറ്റ്': ബിജെപിക്കെതിരെ പ്രതിഷേധിച്ച ടി.എന്‍ പ്രതാപന്‍ അറസ്റ്റില്‍; വാടാനപ്പള്ളിയില്‍ സംഘര്‍ഷം, കേന്ദ്രസേന എത്തി

'വോട്ടിന് കിറ്റ്': ബിജെപിക്കെതിരെ പ്രതിഷേധിച്ച ടി.എന്‍ പ്രതാപന്‍ അറസ്റ്റില്‍; വാടാനപ്പള്ളിയില്‍ സംഘര്‍ഷം, കേന്ദ്രസേന എത്തി

തൃശൂര്‍: വാടാനപ്പള്ളിയില്‍ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി കുത്തിയിരുന്ന് ഉപരോധം തീര്‍ത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ടിഎന്‍ പ്രതാപനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തടസം നിന്നതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ഏറെ നേരമാണ് സംഘര്‍ഷാവസ്ഥയ്ക്ക് നിലനിന്നത്. സംഘാര്‍ഷാവസ്ഥയ്ക്ക് പിന്നാലെ കേന്ദ്ര സേനയും സ്ഥലത്ത് എത്തി.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി കിറ്റ് വിതരണം ചെയ്യുന്നു എന്നാരോപിച്ചാണ് യുഡിഎഫ് രംഗത്തെത്തിയത്. സംഭവ സ്ഥലത്ത് പ്രതിരോധം തീര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരും എത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി.

പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് ശേഷവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടര്‍ന്നതോടെയാണ് സ്ഥാനാര്‍ത്ഥി അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാടാനപ്പള്ളിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.