കേന്ദ്രമന്ത്രി പേര് പറഞ്ഞ് വോട്ട് ചോദിച്ചില്ല; ശ്രീലേഖ വീണ്ടും പിണങ്ങി: ബിജെപി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

കേന്ദ്രമന്ത്രി പേര് പറഞ്ഞ് വോട്ട് ചോദിച്ചില്ല; ശ്രീലേഖ വീണ്ടും പിണങ്ങി: ബിജെപി പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഓണ്‍ലൈനായി പങ്കെടുത്ത എന്‍ഡിഎ തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ ഇറങ്ങിപ്പോയി.

പരിപാടിക്കിടെ കേന്ദ്രമന്ത്രി സ്ഥാനാര്‍ത്ഥിയായ തന്റെ പേര് പരാമര്‍ശിക്കാത്തതിനെ തുടര്‍ന്നാണ് ശ്രീലേഖ വേദി വിട്ടത്. എന്നാല്‍ പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശ്രീലേഖയെ പരിപാടിയിലേക്ക് തിരിച്ചെത്തിച്ചു. ജയശങ്കര്‍ പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ആര്‍. ശ്രീലേഖയ്ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം പ്രസംഗിക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് ജയശങ്കര്‍ അഭ്യര്‍ത്ഥിച്ചു. ശ്രീലേഖയുടെ പേരോ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പേരോ കേന്ദ്രമന്ത്രി പരാമര്‍ശിച്ചിട്ടില്ല.

ഇതോടെ ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ച് വേദി വിടുകയായിരുന്നു. തനിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കില്‍ താന്‍ പങ്കെടുക്കേണ്ട ആവശ്യമെന്താണെന്ന് ചോദിച്ചാണ് ശ്രീലേഖ വേദി വിട്ടത്.

പാര്‍ട്ടി പരിപാടികളില്‍ ശ്രീലേഖയുടെ പിണക്കം ഇതാദ്യമല്ല. കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പാതിവഴിയില്‍ അവര്‍ ഇറങ്ങി പോയിരുന്നു. പദവിയിലേക്ക് പരിഗണിക്കാഞ്ഞതിലെ പരിഭവമായിരുന്നു കാരണം. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെത്തിയ ചടങ്ങില്‍ ഒരറ്റത്ത് മാറി നിന്നതും വിവാദമായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.