വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം: കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ അനുമതി

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദം: കേസെടുക്കാന്‍ പൊലീസിന് കോടതിയുടെ അനുമതി

തൃശൂര്‍: വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിതരണ പരാതിയില്‍ കോടതിയുടെ ഇടപെടല്‍. കിറ്റ് വിവാദത്തില്‍ കേസെടുക്കാന്‍ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കി.

കിറ്റിന് ഓര്‍ഡര്‍ നല്‍കിയ ആളെ കേസില്‍ പ്രതിയാക്കും. ബിജെപി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ പരാതി. സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു.

അതേസമയം കിറ്റ് വിവാദം ടി.എന്‍ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. ചട്ടലംഘനം നടത്തുന്ന ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സഹായിക്കുകയാണെന്ന് ഇടതുപക്ഷവും ആരോപിച്ചു.

കലാശക്കൊട്ടിന് മണിക്കൂറുകള്‍ ശേഷിക്കേ കിറ്റ് വിവാദത്തില്‍ കൊമ്പുകോര്‍ക്കുകയാണ് മുന്നണികള്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ദേവന്‍ ഉള്‍പ്പടെയുള്ളവര്‍ ഗൃഹ സമ്പര്‍ക്കത്തിനാണ് ചാംപ്യന്‍ ട്രേഡേഴ്‌സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തില്‍ ബിജെപി പറയുന്നത്.

ഒരുപകല്‍ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തില്‍ പൊലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോണ്‍ഗ്രസ് വാദം. സിസിടിവി പരിശോധിച്ചതില്‍ കിറ്റ് കണ്ടെത്തിയ ഗോഡൗണില്‍ ദേവന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പൊലീസ് കേസെടുക്കാത്തത്.

സ്ഥലത്തുണ്ടായ സംഘര്‍ഷത്തിലാണ് പൊലീസ് നിലവില്‍ കേസെടുത്തത്. തുടര്‍ച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയര്‍ന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.