അബുദാബി: ലോകത്തിലെ പ്രധാനപ്പെട്ട വെഡിങ് ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് അബുദാബി എമിറേറ്റ്. അബുദാബി സിവില്‍ ഫാമിലി കോടതി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എമിറേറ്റിലെ സിവില്‍ വിവാഹ രജിസ്ട്രേഷനില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2021 ല്‍ പുതിയ നിയമം നിലവില്‍ വന്നതിന് ശേഷം ഇതുവരെ ഏകദേശം 53,000 പേര്‍ വിവാഹിതരായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശികള്‍ക്ക് വിവാഹ രജിസ്ട്രേഷന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. കൂടാതെ ഒരേ ദിവസം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള എക്സ്പ്രസ് സര്‍വീസും ലഭ്യമാണ്.
വിദേശികള്‍ക്കും താമസക്കാര്‍ക്കും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സിവില്‍ വിവാഹ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. വിദേശികളുടെ വിവാഹ നിരക്ക് പരിശോധിക്കുമ്പോള്‍ ഒരു മണിക്കൂറില്‍ 13 വിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ഓരോ മാസവും ശരാശരി 2,500 ലേറെ വിവാഹങ്ങളാണ് ഇവിടെ നടക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷനില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതായത് മതപരമായ നിയന്ത്രണങ്ങളില്ലെന്നതും അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നതും ലളിതമായ നടപടിക്രമങ്ങളാണ് എന്നതുമാണ് അബുദാബിയില്‍ വിവാഹ രജിസ്ട്രേഷനില്‍ വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഏത് മതവിഭാഗത്തില്‍ പെട്ടവര്‍ക്കും വളരെ എളുപ്പത്തില്‍ വിവാഹിതരാകാം. ലളിതനായതും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങള്‍ വിനോദ സഞ്ചാരികളെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നുമുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ രേഖയായി എമിറേറ്റ്സ് ഐഡിയോ പാസ്‌പോര്‍ട്ടോ മാത്രം മതിയാകും. പ്രവാസികള്‍ക്ക് അവരുടെ എംബസികളില്‍ രേഖകള്‍ നല്‍കി മാസങ്ങളോളം കാത്തുനില്‍ക്കാതെ തന്നെ നിയമപരമായി വിവാഹിതരാകാന്‍ സാധിക്കും. അതായത് സാക്ഷികളുടെ സാന്നിധ്യത്തില്‍ ജഡ്ജിക്ക് മുന്നില്‍ വെച്ച് വിവാഹം ഔദ്യോഗികമായി നടക്കും.
അബുദാബി സിവില്‍ കോടതി നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളിലും ഈ സര്‍ട്ടിഫിക്കറ്റ് നേരിട്ട് സ്വീകരിക്കുകയും ചെയ്യാറുണ്ട്. വെഡിങ് ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും ഒട്ടേറെ പേരാണ് വിവാഹം കഴിക്കാനായി മാത്രം അബുദാബിയിലെത്തുന്നത്. ഇത് ഹോട്ടല്‍, വിനോദസഞ്ചാര മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
വിവാഹത്തില്‍ മാത്രമല്ല വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്ത് വിഭജനം എന്നിവയിലും സിവില്‍ കോടതിയുടെ പിന്തുണ വിദേശികള്‍ക്ക് ഉണ്ടാകാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.