ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അഞ്ച് പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. രോഗം പടരാതിരിക്കാന്‍ തായ്ലന്‍ഡ്, നേപ്പാള്‍, തായ് വാന്‍ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും പനി പരിശോധിക്കാനും നിര്‍ദേശമുണ്ട്.
പശ്ചിമ ബംഗാളില്‍ നിപ സ്ഥിരീകരിച്ചതോടെ രോഗിയുമായി ബന്ധമുണ്ടായിരുന്ന നൂറിലേറെ പേരാണ് ക്വാറന്റൈനില്‍ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിശോധനയില്‍ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിപ്പിച്ചത്.
തായ്ലന്‍ഡിലെ പ്രധാന വിമാനത്താവളങ്ങളായ സുവര്‍ണഭൂമി, ഡോണ്‍ മുവാങ്, ഫുക്കറ്റ് എന്നിവിടങ്ങളില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക സ്‌ക്രീനിങ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ കാര്‍ഡുകളും വിതരണം ചെയ്യുന്നുണ്ട്.
കാഠ്മണ്ഡുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇന്ത്യയുമായുള്ള പ്രധാന കര അതിര്‍ത്തികളിലും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈറസ് രാജ്യത്തേക്ക് കടക്കുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് സ്‌ക്രീനിങ് ആരംഭിച്ചതെന്ന് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പകര്‍ച്ചവ്യാധി ഭീഷണിയുള്ള വൈറസുകളുടെ മുന്‍ഗണനാ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപാ വൈറസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കാലങ്ങളിലെ കണക്കുകള്‍ പ്രകാരം 40 മുതല്‍ 75 ശതമാനം വരെയാണ് നിപ ബാധയേറ്റുള്ള മരണ നിരക്ക്.
തമിഴ്‌നാട്ടിലും കേരളത്തിലും മുന്‍പ് നിപാ ബാധ ഉണ്ടായപ്പോള്‍ സമാനമായ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.