മ്യൂണിച്ച്: ഇതിഹാസ കാറോട്ട താരം മൈക്കല്‍ ഷൂമാക്കറിന്റെ ആരോഗ്യത്തില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഐസ് സ്‌കീയിങിനിടെ പാറയില്‍ തലയിടിച്ച് കഴിഞ്ഞ 12 വര്‍ഷമായി കിടപ്പിലായിരുന്നു ഷൂമാക്കര്‍. ഇപ്പോള്‍ ചെറിയതോതില്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ചാരി ഇരിക്കുകയും തന്റെ വസതിയില്‍ വീല്‍ചെയറില്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇതിന്റെ ചിത്രങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി അദേഹത്തിന്റെ ആരോഗ്യത്തെപ്പറ്റി ഡെയിലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2013 ല്‍ ഫ്രഞ്ച് ആല്‍പ്സിലെ മെറിബെല്‍ റിസോര്‍ട്ടില്‍ വച്ച് മഞ്ഞില്‍ മകനൊപ്പം സ്‌കീയിങ് നടത്തുമ്പോഴാണ് ദുരന്തം ഉണ്ടായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്ന് പോയിരുന്നു. ജെനേവ തടാകത്തിന് സമീപമുള്ള 50 മില്യണ്‍ യൂറോ വിലവരുന്ന വീട്ടിലാണ് ഷൂമാക്കര്‍ ഇപ്പോള്‍ ഉള്ളത്.
മൂന്ന് പതിറ്റാണ്ടായി ഒപ്പമുള്ള ഭാര്യ കൊറീനയുടെ ശക്തമായ പിന്തുണയും സഹായവുമാണ് ഷൂമാക്കറിന്റെ ആരോഗ്യം മെച്ചപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏഴ് തവണ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ ചാമ്പ്യനായിരുന്നു ഷൂമാക്കര്‍.
24 മണിക്കൂറും ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘം അദേഹത്തിനൊപ്പം ഉണ്ട്. നാഡീ വ്യവസ്ഥയുടെ വിദഗ്ദ്ധ ചികിത്സയടക്കം ഇപ്പോഴും തുടരുകയാണ്. ചികിത്സയുടെ ഫലമായി ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഷൂമാക്കറിന് ഇപ്പോള്‍ ബോധ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കണ്ണിമ ചിമ്മുന്നതല്ലാതെ മറ്റൊന്നും തിരിച്ചറിയാനാകാത്ത കോമ അവസ്ഥയിലാണ് ഷൂമാക്കര്‍ എന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെ തള്ളുന്നതും ആശാവഹവുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മസ്തിഷ്‌കത്തില്‍ പരിക്കേറ്റ ഷൂമാക്കര്‍ക്ക് കൂടുതല്‍ പുരോഗതിക്കായി ഇനിയും ഏറെ ചികിത്സ വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ 12 വര്‍ഷമായി അദേഹത്തിന്റെ ഒരു ചിത്രവും കുടുംബം പുറത്തുവിട്ടിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.