'ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പത്മഭൂഷണ്‍ പണ്ടേ നേടാമായിരുന്നു': സുകുമാരന്‍ നായര്‍

'ആഗ്രഹമുണ്ടായിരുന്നെങ്കില്‍ പത്മഭൂഷണ്‍ പണ്ടേ നേടാമായിരുന്നു':  സുകുമാരന്‍ നായര്‍

ചങ്ങനാശേരി: ആഗ്രഹിച്ചിരുന്നെങ്കില്‍ പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികളും സ്ഥാനമാനങ്ങളും പണ്ടേ നേടിയെടുക്കാന്‍ സാധിക്കുമായിരുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം വേണ്ടെന്ന തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് ഏകകണ്ഠമായി അംഗീകരിച്ചതായും പത്രസമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞു.

ചര്‍ച്ചയ്ക്കായി തുഷാര്‍ വെള്ളാപ്പള്ളി വരാമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായ അദേഹം എങ്ങനെ ഇത്തരം ചര്‍ച്ചകളില്‍ ഇടപെടും എന്ന് ചോദിച്ച് താന്‍ അത് വിലക്കുകയായിരുന്നു.

വെള്ളാപ്പള്ളി നടേശന് ബഹുമതി പ്രഖ്യാപിച്ചതും ചര്‍ച്ചയ്ക്കായി ബിജെപി നേതാവായ മകനെ അയച്ചതും ഈ ഐക്യത്തിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപാടുകള്‍ ഉണ്ടെന്ന സംശയമുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍ തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയില്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നോ മറ്റ് സമുദായങ്ങള്‍ക്ക് എതിരാണെന്നോ വരുത്തി തീര്‍ക്കാന്‍ അനുവദിക്കില്ല. പിന്മാറ്റത്തിന് പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടെന്ന വെള്ളാപ്പള്ളിയുടെ ആരോപണം തെറ്റാണെന്നും ഇതില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടലില്ലെന്നും അദേഹം പറഞ്ഞു.

എന്‍.എസ്.എസിനെ കുറിച്ച് ഒന്നുമറിയാത്ത ആളുകളാണ് വിഡ്ഢിത്തങ്ങള്‍ വിളിച്ചു പറയുന്നത്. നായന്മാര്‍ക്ക് എന്‍എസ്എസ് നേതൃത്വത്തില്‍ 100 ശതമാനം വിശ്വാസമുണ്ട്. 63 വര്‍ഷമായി താന്‍ ഈ സ്ഥാനത്തിരിക്കുന്നുണ്ട്. ആരുടെയും തിണ്ണയില്‍ പോയി യാചിക്കാനില്ലെന്ന നിലപാടാണ് എന്‍.എസ്.എസിന്റേത്.

ഏത് രാഷ്ട്രീയക്കാരന്‍ വിരട്ടാന്‍ വന്നാലും അത് നടക്കില്ലെന്നും എന്‍.എസ്.എസിനെ എല്ലാ കലപ്പയിലും കെട്ടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പുറകെ പോകുന്ന പ്രശ്‌നമില്ലെന്നും എന്നാല്‍ ആര് കാണാന്‍ ആഗ്രഹിച്ചാലും എന്‍.എസ്.എസ് ആസ്ഥാനത്ത് കാണാന്‍ തയ്യാറാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.