'നിഷ്‌കളങ്കന്‍, മാന്യന്‍'; സുകുമാരന്‍ നായരെ പ്രകീര്‍ത്തിച്ച് വെള്ളാപ്പള്ളി: ഐക്യമില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍.എസ്.എസ്

'നിഷ്‌കളങ്കന്‍, മാന്യന്‍'; സുകുമാരന്‍ നായരെ പ്രകീര്‍ത്തിച്ച് വെള്ളാപ്പള്ളി: ഐക്യമില്ലെന്ന നിലപാടില്‍ ഉറച്ച് എന്‍.എസ്.എസ്

ആലപ്പുഴ: എസ്.എന്‍.ഡി.പിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറിയെങ്കിലും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ പ്രകീര്‍ത്തിച്ച് വീണ്ടും ഐക്യത്തിന്റെ വഴി തുറന്നിട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സുകുമാരന്‍ നായര്‍ മാന്യനും നിഷ്‌കളങ്കനുമാണെന്നും തനിക്ക് കരുത്തു പകര്‍ന്നയാളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പിയുമായുള്ള ഐക്യത്തില്‍ നിന്ന് സുകുമാരന്‍ നായര്‍ പിന്മാറിയത് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിന്റേത് ഉള്‍പ്പെടെയുള്ള അഭിപ്രായങ്ങള്‍ക്ക് വിധേയമായാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഐക്യത്തില്‍ നിന്ന് പിന്തിരിയേണ്ടി വന്നു. എന്നാല്‍ ഒരു പ്രതിഷേധവുമില്ല. ഒരു വിഷമവുമില്ല. നായര്‍ സമുദായം നമ്മുടെ സഹോദര സമുദായമാണ്. ഇങ്ങനൊരു തീരുമാനമുണ്ടായതിന്റെ പേരില്‍ എന്‍.എസ്.എസ് നേതൃത്വത്തെയോ സുകുമാരന്‍ നായരെയോ നിങ്ങള്‍ തള്ളിപ്പറയരുതെന്ന് അഭ്യര്‍ഥിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നിഷ്‌കളങ്കനായ സുകുമാരന്‍ നായരുടെ അഭിപ്രായമാണ് ആദ്യം വന്നത്. പിന്നീട് തിരുത്തേണ്ടി വന്നത് മറ്റുള്ളവരുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും അഭിപ്രായങ്ങള്‍ക്ക് വിധേയമായാണ്. അത് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പ്രശംസ ശ്രദ്ധയില്‍പ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഐക്യമില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ വ്യക്തമാക്കി. സാമുദായിക ഐക്യം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.