സമാധാന ശ്രമങ്ങള്‍ക്കിടെ ഉക്രെയ്‌നില്‍ വീണ്ടും റഷ്യന്‍ ആക്രമണം; ട്രെയിനിന് നേരേ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

സമാധാന ശ്രമങ്ങള്‍ക്കിടെ ഉക്രെയ്‌നില്‍ വീണ്ടും റഷ്യന്‍ ആക്രമണം; ട്രെയിനിന് നേരേ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കീവ്: സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഉക്രെയ്‌നില്‍ വീണ്ടും റഷ്യയുടെ ഡ്രോണ്‍ ആക്രമണം. പാസഞ്ചര്‍ ട്രെയിനിന് നേരേ റഷ്യ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഖാര്‍കീവിലെ യാസികോവിന് സമീപം 291 യാത്രക്കാര്‍ ഉണ്ടായിരുന്ന ട്രെയിനിന് നേരെ മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ട്രെയിനിലെ കോച്ചിന് തീപിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് അഞ്ച് പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മരിച്ചവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണത്തെ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അപലപിച്ചു. ട്രെയിനിന് നേരേ നടത്തിയത് ഭീകരാക്രമണമാണെന്നും സാധാരണക്കാരെ കൊല്ലുന്നതിന് ന്യായീകരണമില്ലെന്നും ഈ ഭീകരതയ്ക്ക് റഷ്യ ഉത്തരം പറയണമെന്നും അദേഹം പറഞ്ഞു. ഇത്തരത്തിലുള്ള ഓരോ റഷ്യന്‍ ആക്രമണവും നിലവിലുള്ള നയതന്ത്ര ശ്രമങ്ങളെ ഇല്ലാതാക്കുകയും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് സെലന്‍സ്‌കി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ആക്രമണത്തില്‍ നഗരത്തിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും ഏകദേശം 80 ശതമാനം സ്ഥലങ്ങളിലും വൈദ്യുതി നിലച്ചതായി ഗവര്‍ണര്‍ ഒലെഹ് സിനിഹുബോവ് അറിയിച്ചു. റഷ്യന്‍ സൈന്യം രാത്രിയില്‍ 165 ഡ്രോണുകള്‍ തൊടുത്തെന്നും അതില്‍ 135 എണ്ണം തങ്ങള്‍ നിര്‍വീര്യമാക്കിയെന്നും ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.