സിഡ്നി: ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങളിൽ സ്രാവുകളുടെ ആക്രമണം രൂക്ഷമായതോടെ സിഡ്‌നിയിലെ ബീച്ചുകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. വെറും 48 മണിക്കൂറിനുള്ളിൽ നാല് പേർക്കാണ് സ്രാവിന്റെ കടിയേറ്റത്. തീരത്തുനിന്ന് 15 കിലോമീറ്റർ പരിധിക്കുള്ളിലാണ് ആക്രമണങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജനുവരി 18 ന് സിഡ്നി തുറമുഖത്തിന് സമീപം നീന്തുകയായിരുന്ന 12 വയസുകാരനാണ് ആദ്യം ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ മരണപ്പെട്ടു. ഇതിന് പിന്നാലെ ഡീ വൈ ബീച്ചിൽ സർഫിംഗിനിടെ 11 വയസുകാരനും സ്രാവിന്റെ കടിയേറ്റു. ജനുവരി 20 ന് സർഫിംഗിനിറങ്ങിയ മറ്റൊരു യുവാവിനെ നെഞ്ചിലും സ്രാവ് കടിച്ചുപരിക്കേൽപ്പിച്ചു.
20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ തുടർച്ചയായ സ്രാവ് ആക്രമണങ്ങൾ ഉണ്ടാകുന്നത്. ഓസ്ട്രേലിയയിൽ പെയ്ത കനത്ത മഴയാണ് സ്രാവുകൾ തീരത്തോട് അടുക്കാൻ കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മഴവെള്ളപ്പാച്ചിലിൽ വൻതോതിൽ മാലിന്യങ്ങൾ അഴിമുഖങ്ങളിലേക്ക് എത്തിയതോടെ ചെറു മത്സ്യങ്ങൾ ഇവിടേക്ക് ആകർഷിക്കപ്പെട്ടു. ഇരതേടി ബുൾ ഷാർക്കുകളും തീരത്തോട് ചേർന്നുനിൽക്കുകയാണ്. ചൂടുള്ളതും അഴിമുഖങ്ങളോട് ചേർന്നുള്ളതുമായ വെള്ളം ഇഷ്ടപ്പെടുന്നവയാണ് ഇവ.
ജനരോഷം ശക്തമായതോടെ സ്രാവുകളെ കൊല്ലണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അത് ശാശ്വത പരിഹാരമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്രാവുകളോടുള്ള മനുഷ്യന്റെ ഇടപെടലിൽ മാറ്റം വരുത്തണമെന്നും ജാഗ്രത പാലിക്കുകയാണ് വേണ്ടതെന്നുമാണ് സിഡ്നി സർവ്വകലാശാലയിലെ ഗവേഷകർ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.