കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഒരു ഗ്രാമിന്റെ വില 1080 രൂപ വര്‍ധിച്ച് 16,395 രൂപയുമായി.
ആഗോള-ആഭ്യന്തര വിപണികളിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 1,75,869 രൂപയായി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വര്‍ധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നടത്തിയ മുന്നറിയിപ്പുകള്‍ ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചു. പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത് യുദ്ധഭീതിക്കിടയാക്കി. ഇത്തരം അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടുകയും ചെയ്തു.
ഡോളറിന്റെ മൂല്യം നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വര്‍ണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വര്‍ണത്തിന് ഗുണകരമായി. ഡോളര്‍ ദുര്‍ബലമാകുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില വര്‍ധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കി. ഭാവിയില്‍ ഡോളറിന്റെ മൂല്യം കുറച്ചു നിര്‍ത്താന്‍ വൈറ്റ് ഹൗസിനുള്ളില്‍ ധാരണയുണ്ടെന്ന സൂചനകള്‍ പുറത്തുവന്നത് ഡോളര്‍ വിറ്റഴിക്കലിന് കാരണമായി.
പുതിയ ഫെഡറല്‍ റിസര്‍വ് മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദേഹം ചുമതലയേല്‍ക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ചു.
കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വര്‍ണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തല്‍. 2026 ഓടെ സ്വര്‍ണ വില ഔണ്‍സിന് 6,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് ഡോയ്‌ചെ ബാങ്ക് പ്രവചിക്കുന്നു.
ഡോളറിന്റെ മൂല്യത്തകര്‍ച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുന്നിടത്തോളം സ്വര്‍ണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള സ്വീകാര്യത വര്‍ധിക്കുന്നതിനാല്‍ സമീപ കാലയളവില്‍ വില ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.