ലണ്ടൻ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിലാദ്യമായി തലപ്പത്തേക്ക് ഒരു വനിത എത്തുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായി സാറ മുള്ളല്ലി (63) നിയമപരമായി സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ ആഗോള ആംഗ്ലിക്കൻ സമൂഹത്തിന്റെ ആത്മീയ നേതൃത്വത്തിലേക്ക് എത്തുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം സാറയ്ക്ക് സ്വന്തമായി.
മുൻ കാൻസർ നഴ്സ് കൂടിയായ സാറ മുള്ളല്ലി നിയമപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാണ് ഔദ്യോഗികമായി ചുമതലയേറ്റത്. എഡ്വേർഡ് എൽഗറിന്റെ ഗാനാലാപനത്തിനും ബിഷപ്പുമാരുടെ നിറഞ്ഞ കൈയ്യടികൾക്കും നടുവിൽ "ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു" എന്ന ആർപ്പു വിളികളോടെയാണ് സഭ പുതിയ അധ്യക്ഷയെ വരവേറ്റത്.
ഹെൻറി എട്ടാമൻ രാജാവിന്റെ കാലത്ത് പതിനാറാം നൂറ്റാണ്ടിൽ കത്തോലിക്കാ സഭയിൽ നിന്ന് വേർപിരിഞ്ഞ ചർച്ച് ഓഫ് ഇംഗ്ലണ്ട് 1994 ലാണ് ആദ്യമായി വനിതകൾക്ക് പൗരോഹിത്യം നൽകിത്തുടങ്ങിയത്. 2015 ൽ ആദ്യ വനിതാ ബിഷപ്പിനെയും നിയമിച്ചു. ഇപ്പോൾ സഭയുടെ പരമോന്നത പദവിയിലും ഒരു വനിത എത്തിയിരിക്കുകയാണ്.
സ്ഥാനലബ്ധി ചരിത്രപരമാണെങ്കിലും 165 രാജ്യങ്ങളിലായി 10 കോടിയിലധികം വിശ്വാസികളുള്ള ആംഗ്ലിക്കൻ സഭയ്ക്കുള്ളിലെ ഭിന്നതകൾ പരിഹരിക്കുക എന്നത് സാറയ്ക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. സഭയിലെ യാഥാസ്ഥിതിക വിഭാഗമായ 'ഗാഫ്കോൺ'സാറയുടെ നിയമനത്തെ എതിർക്കുന്നുണ്ട്. പുരുഷന്മാർ മാത്രമേ ബിഷപ്പുമാരാകാവൂ എന്ന് വിശ്വസിക്കുന്ന ഇവർ സ്വവർഗ വിവാഹത്തെ സാറ അനുകൂലിക്കുന്നതിനെയും വിമർശിക്കുന്നു.
മാർച്ച് 25 ന് കാന്റർബറി കത്തീഡ്രലിൽ നടക്കുന്ന വിപുലമായ ചടങ്ങിലാകും സാറ മുള്ളല്ലി ഔദ്യോഗികമായി സ്ഥാനാരോഹണം ചെയ്യപ്പെടുക. അതോടെ അവരുടെ പൊതുസേവനങ്ങൾക്ക് തുടക്കമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.