ന്യൂഡല്‍ഹി: വിവരാവകാശ നിയമം പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച് സാമ്പത്തിക സര്‍വേ. രഹസ്യ സ്വഭാവമുള്ള റിപ്പോര്‍ട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശ നിയമപ്രകാരം നല്‍കരുതെന്നാണ് നിര്‍ദേശം. ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേയിലാണ് ഇത്തരമൊരു നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ നല്‍കേണ്ടി വരുന്നത് ഭരണ നിര്‍വഹണത്തെ തടസപ്പെടുത്തുന്നു എന്നാണ് കണ്ടെത്തല്‍. വിവരാവകാശ നിയമത്തെ സാരമായി ബാധിക്കുന്ന നിര്‍ദേശമാണിതെന്നാണ് വിലയിരുത്തല്‍. യു.പി.എ ഭരണകാലത്ത് നടപ്പാക്കിയ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതിന് പിന്നാലെയാണ് സാമ്പത്തിക അവലോകന രേഖയില്‍ പുതിയ ശുപാര്‍ശയെന്നതാണ് ശ്രദ്ധേയം.
അധികാര സ്ഥാപനങ്ങളില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കാനും അഴിമതി തടയാനും ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂട്ടാനും ലക്ഷ്യമിട്ടാണ് 2005 ല്‍ വിവരാവകാശ നിയമം കൊണ്ടുവന്നത്. ഇതില്‍ കാലോചിതമായ പുന പരിശോധന ആവശ്യമാണെന്നും നിയമത്തിന്റെ യഥാര്‍ഥലക്ഷ്യം നിറവേറ്റാനുതകുന്ന വിധത്തില്‍ പരിഷ്‌കരണം വേണമെന്നും നിര്‍ദേശിക്കുന്നു.
ഒരു നയ തീരുമാനം അന്തിമമാക്കുന്നതിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളുടെ കുറിപ്പുകളും കരട് നിര്‍ദേശങ്ങളും പുറത്തുവിടുന്നത് ഒഴിവാക്കണം. സര്‍വീസ് രേഖകള്‍, സ്ഥലം മാറ്റം, രഹസ്യ റിപ്പോര്‍ട്ടുകള്‍ തുടങ്ങി പൊതുജനങ്ങളെ നേരിട്ട് ബാധിക്കാത്ത വിഷയങ്ങളെ വിവരാവകാശ നിയമത്തില്‍ നിന്നൊഴിവാക്കണം. നയ തീരുമാനങ്ങളുടെ വിശ്വാസ്യത സംരക്ഷിച്ച് നിര്‍ത്തി നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവുകയാണ് ലക്ഷ്യം. ഇതൊരു നിര്‍ദേശം മാത്രമാണെന്നും സര്‍വേ പറയുന്നു.
ഉത്തരവാദിത്വമുള്ള പൗരരെ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാം. അതേസമയം, ഔദ്യോഗികമായ ചില സ്വകാര്യതകള്‍ സംരക്ഷിക്കപ്പെടണം. ഇത് രണ്ടും ഒരുമിപ്പിച്ച് പോകുമ്പോഴാണ് വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.