മുംബൈ: അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് അദേഹത്തിന്റെ ഭാര്യ സുനേത്രാ പവാറിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് എന്‍.സി.പി നേതൃത്വം. നിലവില്‍ അവര്‍ രാജ്യസഭാംഗമാണ്. എം.എല്‍.എ.മാരെയെല്ലാം ഒന്നിച്ച് നിര്‍ത്തി ബി.ജെ.പി മുന്നണിയോടൊപ്പം പാര്‍ട്ടിയെ നിലനിര്‍ത്താന്‍ കഴിയുന്ന നേതാവിനെയാണ് നേതൃത്വം തിരയുന്നത്.
അവര്‍ പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായേക്കുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്. നിയമസഭാകക്ഷി നേതാവായി ആര് വരുമെന്നുള്ള പ്രധാന ചോദ്യം ഉയര്‍ന്നതോടെയാണ് സുനേത്രാ പവാറിന്റെ പേര് സജീവമായത്. മറാഠാ നേതാവിനെ മാത്രമേ പാര്‍ട്ടി എം.എല്‍.എമാര്‍ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.
ബരാമതിയില്‍ നടക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ സുനേത്രാ പവാര്‍ സ്ഥാനാര്‍ഥിയായേക്കുമെന്നും അവര്‍ പിന്നീട് നിയമസഭാകക്ഷി നേതാവാകുമെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. എന്‍.സി.പി വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച സമയത്താണ് അജിത് പവാര്‍ വിടവാങ്ങിയത്.
സുനേത്രാ പവാര്‍ വര്‍ഷങ്ങളോളം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2024 ല്‍ ശരദ് പവാറിന്റെ മകളായ സുപ്രിയാ സുലെയ്‌ക്കെതിരെ ബരാമതി
ലോക്സഭാ സീറ്റില്‍ മത്സരിച്ചപ്പോഴാണ് അവരുടെ ഔപചാരിക രാഷ്ട്രീയ പ്രവേശം നടന്നത്. അന്ന് പരാജയപ്പെട്ടെങ്കിലും സംസ്ഥാന വ്യാപകമായി അവര്‍ക്ക് ഒരു നേതാവിന്റെ പരിവേഷം ലഭിച്ചിരുന്നു. പിന്നീട് 2024 ല്‍ മഹായുതി സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി പ്രവര്‍ത്തകരെയും എം.എല്‍.എമാരെയും സുനേത്രാ പവാറിലൂടെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ കഴിയുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.