മുംബൈ: എന്‍സിപി നേതാവും അജിത് പവാറിന്റെ ഭാര്യയുമായ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും. അജിത് പവാറിന്റെ വിയോഗത്തെത്തുടര്‍ന്ന് എന്‍.സി.പി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുനേത്ര ഉപമുഖ്യ മന്ത്രി പദം ഏറ്റെടുക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ശേഷം എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിയമസഭാ മന്ദിരത്തില്‍ ചേരുന്ന യോഗത്തില്‍ സുനേത്ര പവാറിന്റെ പേര് എന്‍സിപി ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടര്‍ന്ന് വൈകുന്നേരത്തോടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് എന്‍സിപി നേതൃത്വം നല്‍കുന്ന സൂചന.
ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതിന് പിന്നാലെ അവര്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്‍സിപി നിയമസഭാ കക്ഷി യോഗം നാളെ ഉച്ചയ്ക്ക് രണ്ടിന് ചേരും.
63 കാരിയും രാജ്യസഭാ എംപിയുമായ സുനേത്ര മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡോടെയാണ് അധികാരത്തിലേക്ക് വരുന്നത്. മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍ അംഗമാണെങ്കിലും സുനേത്ര അടുത്ത കാലം വരെ മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗമാണ് അവരെ എന്‍സിപിയുടെ നേതൃ നിരയിലേക്ക് പെട്ടെന്ന് എത്തിച്ചത്. എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സുനേത്രയോട് സ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.
മുതിര്‍ന്ന എന്‍സിപി മന്ത്രി നര്‍ഹരി സിര്‍വാള്‍ നേരത്തെ സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഉയര്‍ത്തിയിരുന്നു. സുനേത്ര രാജിവെയ്ക്കുന്ന രാജ്യസഭ സീറ്റിലേക്ക് അജിത് പവാറിന്റെ മൂത്തമകന്‍ പാര്‍ത്ഥ് പവാറിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.