ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാന്‍ പറ്റില്ലെങ്കില്‍ രാജ്യം വിട്ട് പോകാമെന്ന് വാട്‌സാപ്പിനോടും അതിന്റെ മാതൃ സ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഡാറ്റ പങ്കിടലിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതല്‍ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മെറ്റയ്ക്ക് കര്‍ശന താക്കീത് നല്‍കി.
രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ ആളുകള്‍ക്ക് നിങ്ങളടെ നയം മനസിലാകുമോ എന്നും കോടതി ചോദിച്ചു. ഒരു പാവപ്പെട്ട സ്ത്രീക്കോ വഴിയോര കച്ചവടക്കാരനോ, അല്ലെങ്കില്‍ തമിഴ് മാത്രം സംസാരിക്കുന്ന ഒരാള്‍ക്കോ നിങ്ങളുടെ നയം മനസിലാകുമോ എന്നും കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു.
ഞങ്ങളുടെ ഡാറ്റയുടെ ഒരു അക്കം പോലും പങ്കിടാന്‍ അനുവദിക്കില്ലെന്നും നിങ്ങള്‍ക്ക് ഞങ്ങളുടെ ഭരണഘടന പിന്തുടരാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യ വിടണമെന്നും പൗരന്മാരുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും പറഞ്ഞു.
വാട്ട്സ്ആപ്പ് ഉപയോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന ഡാറ്റകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോലുള്ള സഹോദര പ്ലാറ്റുഫോമുകളുമായി പങ്കുവെക്കുമെന്ന വിവാദ വ്യവസ്ഥയുടെ പേരില്‍ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു.
ഈ പിഴ ശരിവെച്ച ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് മെറ്റയും വാട്‌സാപ്പും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.