മാനം തൊടാനൊരുങ്ങി സൗദി: ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് പഴങ്കഥയാകും

 മാനം തൊടാനൊരുങ്ങി സൗദി: ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് പഴങ്കഥയാകും

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന 'റൈസ് ടവര്‍' പദ്ധതി സൗദിയുടെ മുഖഛായ തന്നെ മാറ്റുന്ന വമ്പന്‍ പദ്ധതിയാണ്. ഇത് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ (2000 മീറ്റര്‍) ഉയരം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ലോകത്തിലെ ആദ്യത്തെ രണ്ട് കിലോമീറ്റര്‍ ഉയരമുള്ള അംബര ചുംബിയായി കെട്ടിടം മാറിയാല്‍ ബുര്‍ജ് ഖലീഫയെയും പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ജിദ്ദ ടവറിനെയും ഇത് പിന്നിലാക്കും.

റൈസ് ടവര്‍



നിലവില്‍ രൂപകല്‍പന പൂര്‍ത്തിയാക്കി നിര്‍മാണത്തിനായി അവസാനവട്ട കൂടിയാലോചനയിലാണ് പദ്ധതി. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള വമ്പന്‍ പ്രോജക്റ്റിനുള്ള ഡിസൈന്‍ ആഗോള വാസ്തുവിദ്യാ സ്ഥാപനമായ എച്ച്.കെ.എസ് അടുത്തിടെ പുറത്തിറക്കിയിരുന്നു.

ലോക റെക്കോര്‍ഡ് തകര്‍ക്കുന്ന റിയാദിന്റെ സ്വപ്ന പദ്ധതിയായ റൈസ് ടവര്‍ 2023 മുതല്‍ ചര്‍ച്ചയിലാണ്. എന്നാല്‍ അത് ഇപ്പോഴും ഡിസൈന്‍ ഘട്ടത്തിലാണ് ഉള്ളത്. പൂര്‍ത്തിയാകുമ്പോള്‍ റൈസ് ടവറില്‍ ആഡംബര ഹോട്ടലുകള്‍, മികച്ച റെസ്റ്റോറന്റുകള്‍, നിരീക്ഷണ ഡെക്കുകള്‍, ഉയര്‍ന്ന നിലവാരമുള്ള ഓഫീസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന 678 നിലകള്‍ ഉണ്ടായിരിക്കും.

നോര്‍ത്ത് പോള്‍ വികസനം എന്നറിയപ്പെടുന്ന 306 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള 'ഭാവിയിലെ നഗരം' എന്ന നിര്‍ദ്ദിഷ്ട മാസ്റ്റര്‍ പ്ലാനിന്റെ കേന്ദ്ര ബിന്ദുവായിരിക്കും ഇത്. ദുബായിയുടെ പ്രതീകമായ ബുര്‍ജ് ഖലീഫ 828 മീറ്റര്‍ ഉയരത്തിലാണ് നില്‍ക്കുന്നത്. സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതി 2,000 മീറ്ററായിരിക്കും.

ജിദ്ദ ടവര്‍



ജിദ്ദയില്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള മറ്റൊരു ടവറും പൂര്‍ത്തിയാക്കാനുള്ള പണിപ്പുരയിലാണ് സൗദി അറേബ്യ. ഇതും ഉയരത്തിന്റെ കാര്യത്തില്‍ ബുര്‍ജ് ഖലീഫയെയും മറികടക്കും.

സൗദിയുടെ സ്വപ്ന പദ്ധതിയായ ജിദ്ദ ടവര്‍ (മുന്‍പ് കിങ്ഡം ടവര്‍) പദ്ധതിയാണ് അതിവേഗ നിര്‍മാണവുമായി മുന്നോട്ട് പോകുന്നത്. വര്‍ഷങ്ങളോളം നിലച്ചുപോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ ഈ മെഗാടവര്‍ കുതിക്കുകയാണ്. സൗദി വിഷന്‍ 2030 ലക്ഷ്യമിട്ടുള്ള പദ്ധതി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഏഴ് വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജനുവരിയിലാണ് ജിദ്ദ ടവറിന്റെ നിര്‍മാണം ഔദ്യോഗികമായി പുനരാരംഭിച്ചത്. അതിന് ശേഷം വെറും 3-4 ദിവസത്തിനുള്ളില്‍ ഒരു നില വീതം കൂട്ടിച്ചേര്‍ത്തുകൊണ്ട് കെട്ടിടം ഇപ്പോള്‍ എണ്‍പതാം നില പിന്നിട്ടിരിക്കുകയാണ്. 1,008 മീറ്ററോ അതിലധികമോ (ഒരു കിലോമീറ്ററിലേറെ) ഉയരം ലക്ഷ്യമിടുന്ന ഈ ടവര്‍, നിലവിലെ ലോക റെക്കോര്‍ഡായ ബുര്‍ജ് ഖലീഫയുടെ 828 മീറ്റര്‍ ഉയരത്തെ 173 മീറ്ററിലേറെ മറികടക്കും. ഈ രണ്ട് അത്ഭുതങ്ങളേയും മറികടക്കുന്നതാണ് റിയാദിലെ റൈസ് ടവര്‍.


2028 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ്, ദാര്‍ അല്‍-ഹന്ദസ, ടേണര്‍ കണ്‍സ്ട്രക്ഷന്‍ എന്നിവര്‍ സംയുക്തമായാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടിക സൗദിയുടെ പേരിലാകും. ജിദ്ദ ടവറില്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഡൈനിങ് ഏരിയകള്‍, ഇവന്റ് സ്‌പേസുകള്‍ എന്നിവയുള്‍പ്പെടെ അഞ്ച് നിലകളുള്ള അടിത്തറയുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.