പ്രാവിന് തീറ്റ കൊടുത്തു: ഇന്ത്യക്കാരിക്ക് 2.26 ലക്ഷം രൂപ പിഴ ചുമത്തി സിങ്കപ്പൂര്‍ കോടതി

പ്രാവിന് തീറ്റ കൊടുത്തു: ഇന്ത്യക്കാരിക്ക് 2.26 ലക്ഷം രൂപ പിഴ ചുമത്തി സിങ്കപ്പൂര്‍ കോടതി

സിങ്കപ്പൂര്‍: സിങ്കപ്പൂരില്‍ പ്രാവിന് തീറ്റ നല്‍കിയ ഇന്ത്യന്‍ വംശജയ്ക്ക് വന്‍ തുക പിഴ ചുമത്തി സിങ്കപ്പൂര്‍ കോടതി. 71 വയസുള്ള ഷണ്‍മുഖനാഥന്‍ ഷംലയ്ക്കാണ് സിങ്കപ്പൂര്‍ കോടതി 3200 സിങ്കപ്പൂര്‍ ഡോളര്‍ (ഏകദേശം 2.26 ലക്ഷം രൂപ) പിഴ ചുമത്തിയത്. സിങ്കപ്പൂര്‍ വന്യജീവി നിയമപ്രകാരമാണ് കോടതിയുടെ നടപടി.

ആറ് മാസത്തിനിടെ ഒന്‍പത് തവണ പ്രാവിന് തീറ്റ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി നാലിനാണ് ഇവര്‍ക്കെതിരെ പിഴ ചുമത്തിയത്. സിങ്കപ്പൂരിലെ ആനിമല്‍സ് ആന്റ് ബേഡ്‌സ് ആക്ട് പ്രകാരം പ്രാവുകളെ വളര്‍ത്തുന്നതിനടക്കം ലൈസന്‍സ് നിര്‍ബന്ധമാണ്. നിരവധി താമസക്കാരുള്ള മേഖലയില്‍ പതിവായി പ്രാവിന് തീറ്റ കൊടുക്കുന്ന ശീലം ഷംലയ്ക്ക് ഉണ്ടായിരുന്നു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

രണ്ടാം തവണയാണ് ഷംലയ്‌ക്കെതിരെ സമാന വിഷയത്തില്‍ പിഴ ചുമത്തുന്നത്. മുന്‍പ് കാട്ടുപക്ഷികള്‍ക്ക് തീറ്റ കൊടുത്തതിനും ഷംല പിഴ നേരിട്ടിരുന്നു. ഇനി മേലാല്‍ പക്ഷികള്‍ക്ക് തീറ്റ കൊടുക്കില്ലെന്ന് ഷംല ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ആദ്യ സംഭവം. അന്ന് 1200 സിങ്കപ്പൂര്‍ ഡോളര്‍ ആണ് ഷംലയ്‌ക്കെതിരെ പിഴയായി ചുമത്തിയത്. ടോ പയോയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപം വെച്ചാണ് പക്ഷികള്‍ക്ക് തീറ്റ കൊടുത്തത്.

അതേസമയം നിലവിലെ സംഭവത്തില്‍ ഷംലയ്‌ക്കെതിരെ കടുത്ത വാദങ്ങളാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഉന്നയിച്ചത്. കാട്ടുപക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്നത് കുറ്റമാണെന്ന് അറിയാമായിരുന്നിട്ടും ഷംല അത് തുടരുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു. ഷംല പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്ന നാല് വീഡിയോകളും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാക്കി.

തനിക്ക് ജോലിയും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഇല്ലെന്ന് കോടതിയെ അറിയിച്ച ഷംല, പിഴത്തുക കുറയ്ക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. വിധിക്ക് ശേഷം ഇനി കുറ്റം ആവര്‍ത്തിക്കില്ലെന്ന് ഷംല ഉറപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.