നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ വെളിപ്പെടുത്തല്‍; കള്ളപ്പണക്കേസില്‍ ആന്റോ ആന്റണിയെ ഇഡി ചോദ്യം ചെയ്‌തേക്കും

നെടുമ്പറമ്പില്‍ ഫിനാന്‍സിന്റെ വെളിപ്പെടുത്തല്‍; കള്ളപ്പണക്കേസില്‍ ആന്റോ ആന്റണിയെ ഇഡി ചോദ്യം ചെയ്‌തേക്കും

കൊച്ചി: നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റിനെതിരായ (എന്‍സിഎസ്) കള്ളപ്പണക്കേസില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്കും ഇഡി അന്വേഷണമെന്ന് സൂചന. 2019 ല്‍ ആന്റോ ആന്റണിക്ക് രണ്ട് കോടി രൂപ കൈമാറിയെന്ന എന്‍സിഎസ് ഉടമ എന്‍.എം രാജുവിന്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം.

എന്‍.എം രാജുവിനെ ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. മൊഴി രേഖപ്പെടുത്തിയ ശേഷം ആന്റോ ആന്റണിയെയും ചോദ്യം ചെയ്യും. രാജു തുക കൈമാറിയിട്ടുണ്ടെങ്കില്‍ ഈ പണം കുറ്റ കൃത്യത്തില്‍ നിന്നുള്ള പണമായി കണക്കാക്കേണ്ടിവരുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. മാത്രമല്ല ഈ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

പണം രണ്ട് മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ യാതൊരു രേഖയും വാങ്ങാതെയാണ് ആന്റോ ആന്റണിക്ക് പണം നല്‍കിയതെന്നും ഏഴ് വര്‍ഷമായിട്ടും രണ്ട് തവണയായി 20 ലക്ഷം മാത്രമാണ് തിരികെ നല്‍കിയതെന്നുമാണ് രാജുവിന്റെ വെളിപ്പെടുത്തല്‍.

സ്ഥാപനത്തിലെ ഇഡി റെയ്ഡിനെക്കുറിച്ച് തന്റെ ഭാഗം വിശദീകരിക്കാന്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എന്‍.എം രാജുവിന്റെ വെളിപ്പെടുത്തല്‍. സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ മകള്‍ ഉള്‍പ്പെടെ എംപിയുടെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും എംപിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് ഓഫീസിലെ അക്കൗണ്ട് വഴി പണം നല്‍കിയതെന്നും ഉടമ വ്യക്തമാക്കി.

അന്ന് തങ്ങള്‍ യുഡിഎഫിന്റെ ഭാഗമായിരുന്നതിനാലാണ് സഹായിച്ചത്. പണമിടപാടില്‍ യാതൊരു അസ്വാഭാവികതയുമില്ല. എല്ലാ രേഖകളും കൃത്യമാണ്. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്നാണ് രാജു പറയുന്നത്. ഈടില്ലാതെ പണം നല്‍കിയത് കള്ളപ്പണമായതിനാലാണോ എന്ന ചോദ്യത്തിന് ആന്റോ ആന്റണി പണം എങ്ങനെ ഉപയോഗിച്ചെന്ന് അദേഹത്തോട് ചോദിക്കണമെന്നായിരുന്നു മറുപടി.

അതേസമയം രാജുവില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നല്‍കിയെന്നുമായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.