തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മികവുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനായി കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും സര്‍വേ നടത്തുന്നു. സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് തീരുമാനം.
തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സിപിഎം സര്‍വേ നടത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു സ്വകാര്യ ഏജന്‍സി ഇതിനകം തന്നെ സര്‍വേ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അനുയോജ്യമായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക, നിലവിലുള്ള എംഎല്‍എമാരുടെ വിജയ സാധ്യത വിലയിരുത്തുക, മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ സാധ്യത കുറവുള്ള എംഎല്‍എമാരെ ഒഴിവാക്കുക എന്നതാണ് സര്‍വേയുടെ പ്രധാന ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് സര്‍വേ പുരോഗമിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സര്‍വേ ഫലം നിര്‍ണായകമായിരിക്കും.
ഏജന്‍സികളുടെ സര്‍വേ ഫലത്തിനു പുറമേ ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ടും മുഖ്യമന്ത്രി പരിഗണിക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന്റെ നിര്‍ണായക പ്രധാന്യം കണക്കിലെടുത്ത്, മത്സരത്തില്‍ രണ്ട് തവണ മാനദണ്ഡം ഇത്തവണ ഒഴിവാക്കാന്‍ സിപിഎം ഇതിനകം തീരുമാനിച്ചിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെടുന്ന ചിലരെ ഒഴികെ, ഭൂരിഭാഗം സിറ്റിങ് എംഎല്‍എമാരോടും മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
അതത് മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനാണ് സിപിഎം സിറ്റിങ്് എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സര്‍വേ വിലയിരുത്തലുകള്‍ എംഎല്‍എമാരുടെ സ്ഥാനാര്‍ത്ഥിത്വത്തിലും പ്രധാന ഘടകമായിരിക്കും.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയ സര്‍വേ കണ്ടെത്തലുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതില്‍ യുഡിഎഫ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇടതുപക്ഷം കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
'ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സര്‍വേകള്‍. ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുമോ ഇല്ലയോ എന്ന് സര്‍വേകള്‍ക്ക് വ്യക്തമായി പറയാന്‍ കഴിയില്ല. വ്യക്തിഗത വിലയിരുത്തല്‍, വിവിധ അനുകൂല ഘടകങ്ങള്‍ പരിശോധിക്കുക, സമാന ഗ്രൂപ്പുകളുമായി ചര്‍ച്ച ചെയ്യുക, തുടര്‍ന്ന് വിജയ സാധ്യതയെക്കുറിച്ച് ഒരു നിഗമനത്തിലെത്തുക എന്നിവയാണ് സര്‍വേ ചെയ്യുന്നത്.
സിറ്റിങ്ങ് എംഎല്‍എമാരില്‍, കുറച്ച് പേരെ വീണ്ടും മത്സരിപ്പിച്ചേക്കില്ല. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും കാരണം എം.എം മണിയെയും, എം. മുകേഷ്, യു. പ്രതിഭ പോലുള്ള ചിലരെയും വീണ്ടും മത്സരിപ്പിച്ചേക്കില്ലെന്നാണ് സൂചന.
ആരോഗ്യ പ്രശ്നങ്ങളുള്ള മന്ത്രി വി. ശിവന്‍കുട്ടി, പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് തുടങ്ങിയവരുടെ കാര്യത്തില്‍ അനുയോജ്യരായ പകരക്കാരെ കണ്ടെത്തിയില്ലെങ്കില്‍ അവരെ തന്നെ വീണ്ടും മത്സരിപ്പിക്കും എന്നാണറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.