ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ; പരിഗണനാ വിഷയങ്ങളില്‍ ഒപ്പു വെച്ചു

ജിസിസിയുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ; പരിഗണനാ വിഷയങ്ങളില്‍ ഒപ്പു വെച്ചു

ഇന്ത്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ നിബന്ധനകള്‍ ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ നിന്ന്.

ന്യൂഡല്‍ഹി: ഗള്‍ഫ് സഹകരണ കൗണ്‍സിലുമായി(ജിസിസി) സ്വതന്ത്ര വ്യാപാര കരാറിനൊരുങ്ങി ഇന്ത്യ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ ആറ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ത്യ പുനരാരംഭിച്ചു.

കരാറിന്റെ പരിഗണനാ വിഷയങ്ങളില്‍ ഇന്ത്യ ഒപ്പു വെച്ചതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ അറിയിച്ചു. ഇരു വിഭാഗവും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

വിവിധ ലോക രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ഇന്ത്യ ശക്തമാക്കുന്ന പശ്ചാത്തലത്തില്‍ ഈ സുപ്രധാന നീക്കം. ആദ്യം യൂറോപ്യന്‍ യൂണിയന്‍, പിന്നീട് അമേരിക്കയുമായും ഇന്ത്യ അടുത്തയിടെ വ്യാപാര കരാറില്‍ ഒപ്പു വച്ചിരുന്നു.

ചില ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിലവില്‍ വ്യാപാര കരാറുകളുണ്ട്. 2022 ല്‍ ഇന്ത്യ യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്തിയിരുന്നു. ഒമാനുമായി 2025 ഡിസംബറില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സിഇപിഎ) ഒപ്പുവെച്ചു. ഇതിന് പിന്നാലെയാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാന്‍ പുതിയ കരാറിലേക്ക് ഇന്ത്യ എത്തുന്നത്.

ഒരു രാജ്യാന്തര കൂട്ടായ്മ എന്ന നിലയില്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക പ്രാധാന്യമുള്ളതാണ് സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി). കൂടാതെ ഇന്ത്യയുടെ വിശാല അയല്‍പക്ക നയത്തില്‍ നിര്‍ണായക സ്ഥാനം വഹിക്കുകയും ചെയ്യുന്നു.

ഈ മേഖലയിലെ ഗണ്യമായ എണ്ണ, വാതക ശേഖരം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുള്ളതാണ്. മാത്രമല്ല, ഇന്ത്യക്കാരായ പ്രവാസി സമൂഹം ഏറെയും ഈ രാജ്യങ്ങളിലാണ്.

വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണ സംരംഭങ്ങളിലൂടെ പരസ്പരമുള്ള സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുകയും ചെയ്യുന്നു.

ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധവും ക്രമാനുഗതമായി വര്‍ധിച്ചു വരുകയാണ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ-ജിസിസി ഉഭയകക്ഷി വ്യാപാരം 178.56 ബില്യണ്‍ യു.എസ് ഡോളറിലെത്തി. 56.87 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നപ്പോള്‍, ഇറക്കുമതി 121.68 ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനം വരും.

ജിസിസി രാജ്യങ്ങളില്‍ തന്നെ യുഎഇയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു യുഎഇ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 100 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. ഇന്ത്യയുടെ കയറ്റുമതി 36.63 ബില്യണ്‍ ഡോളറിന്റേതായിരുന്നു. അതേസമയം, ഇറക്കുമതി 63.40 ബില്യണ്‍ ഡോളറിന്റേതും.

യുഎഇ കഴിഞ്ഞാല്‍ ജിസിസി രാജ്യങ്ങളില്‍ ഇന്ത്യയുടെ വലിയ വ്യാപാരപങ്കാളി സൗദി അറേബ്യയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു സൗദി.

സൗദിയിലേക്കുള്ള കയറ്റുമതി 11.75 ബില്യണ്‍ ഡോളറിന്റേതും ഇറക്കുമതി 30.12 ബില്യണ്‍ ഡോളറിന്റേതുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ 22-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഖത്തര്‍.

ഇക്കാലയളവില്‍ 1.68 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയും 12.46 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും നടന്നു. ഒമാന്റെ കാര്യത്തില്‍ കയറ്റുമതി നാല് ബില്യണ്‍ ഡോളറിന്റേതായിരുന്നു. ഇറക്കുമതി 6.54 ബില്യണ്‍ ഡോളറിന്റേതും.

കുവൈറ്റിലേക്കുള്ള കയറ്റുമതി 1.93 ബില്യണ്‍ ഡോളറിന്റെയും ഇറക്കുമതി 8.28 ബില്യണ്‍ ഡോളറിന്റേതുമായിരുന്നു. അതുപോലെ 1.64 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ബഹ്റിനുമായി ഇക്കാലയളവില്‍ നടന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും അസംസ്‌കൃത എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത്. മുത്തുകള്‍, വിലയേറിയ കല്ലുകള്‍, ലോഹങ്ങള്‍, സ്വര്‍ണം പൂശിയ ആഭരണങ്ങള്‍, ഇലക്ട്രിക്കല്‍ യന്ത്ര സാമഗ്രികള്‍, ഇരുമ്പ്, ഉരുക്ക്, രാസ വസ്തുക്കള്‍ എന്നിവയാണ് പ്രധാന കയറ്റുമതി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 56.32 ബില്യണ്‍ ഡോളറായിരുന്നു ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. 2024-25 ല്‍ ഏകദേശം ഒരു ശതമാനം വര്‍ധിച്ച് 57 ബില്യണ്‍ ഡോളറിലെത്തി. 2023-24 വര്‍ഷത്തില്‍ 105.5 ബില്യണ്‍ ഡോളറായിരുന്ന ഇറക്കുമതി 2024-25 ല്‍ 15.33 ശതമാനം വര്‍ധിച്ച് 121.7 ബില്യണ്‍ ഡോളറായി. 2023-24 ലെ 161.82 ബില്യണ്‍ ഡോളറില്‍ നിന്ന് 2024-25 ല്‍ ഉഭയകക്ഷി വ്യാപാരം 178.7 ബില്യണ്‍ ഡോളറായി വര്‍ധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.