മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത; പ്ലസ് ടുവിന് ഈ വര്‍ഷം മുതല്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് നടപ്പാക്കാന്‍ സി.ബി.എസ്.ഇ

മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത; പ്ലസ് ടുവിന് ഈ വര്‍ഷം മുതല്‍ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ്  നടപ്പാക്കാന്‍ സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തിന് ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് (ഒ.എസ്.എം) രീതി നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ. 2026 ലെ ബോര്‍ഡ് പരീക്ഷകള്‍ മുതലാണ് ഡിജിറ്റല്‍ മാര്‍ക്കിങ് സമ്പ്രദായം നടപ്പാക്കുക. മൂല്യ നിര്‍ണയത്തില്‍ കൂടുതല്‍ കൃത്യത ലക്ഷ്യമിട്ടാണ് മാറ്റം.

പത്താംക്ലാസ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പഴയ പോലെ തന്നെ തുടരും. ഇക്കാര്യങ്ങള്‍ കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സി.ബി.എസ്.ഇ അറിയിപ്പ് നല്‍കി. പരീക്ഷാ പ്രക്രിയയില്‍ കാര്യക്ഷമത, സുതാര്യത, എന്നിവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡിജിറ്റല്‍ മൂല്യനിര്‍ണണയമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനം പിശകുകള്‍ ഇല്ലാതാക്കുകയും മാനുവല്‍ ആയിട്ടുള്ള ഇടപെടല്‍ ഗണ്യമായി കുറക്കുകയും ചെയ്യും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാതെ സ്വന്തം സ്‌കൂളുകളില്‍ ഇരുന്ന് കൊണ്ട് തന്നെ ഉത്തരക്കടലാസുകള്‍ വിലയിരുത്താന്‍ കഴിയുമെന്നതുകൊണ്ട് ഈ മൂല്യനിര്‍ണയം അധ്യപകര്‍ക്കും വലിയ ആശ്വാസമാണ്.

കൂടുതല്‍ എളുപ്പത്തില്‍ മൂല്യനിര്‍ണയ നടപടികള്‍ ഏകോപിപ്പിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ മൂല്യ നിര്‍ണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങ് വരുന്നതോടെ മാര്‍ക്കുകള്‍ കൂട്ടി ഇടുന്നതിലെ തെറ്റുകളും ഒഴിവാക്കാനാവും.

മൂല്യ നിര്‍ണയം എങ്ങനെയെന്ന കാര്യത്തില്‍ അധ്യപകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. പരിശീലന പരിപാടികള്‍, നിര്‍ദേശങ്ങള്‍ അടങ്ങിയ വിഡിയോകള്‍ എന്നിവ പുറത്തിറക്കുകയും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോള്‍ സെന്റര്‍ സജ്ജമാക്കുകയും ചെയ്യും. മൂല്യനിര്‍ണയത്തിനായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സ്‌കൂളുകള്‍കള്‍ക്ക് സി.ബി.എസ്.ഇ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 46 ലക്ഷം വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇയുടെ പത്താം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരം പ്ലസ് ടു പരീക്ഷകള്‍. പത്താം ക്ലാസ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണ നടത്താനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.