ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ തടസപ്പെടുത്താന്‍ പാടില്ലെന്ന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.
ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
പശ്ചിമ ബംഗാളില്‍ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി ഒരാഴ്ച കൂടി നിട്ടീ. മമതാ ബാനര്‍ജിയുടെ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി എസ്ഐആര്‍ നടപടികള്‍ ഒരാഴ്ച കൂടി നീട്ടി നല്‍കിയത്.
നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം പതിനാലിനായിരുന്നു എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയ പരിധി. നിലവില്‍ പല അപേക്ഷകളിലും തീരുമാനമെടുത്തിട്ടില്ലെന്ന് മമത ബാനര്‍ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ക്കുമായാണ് സുപ്രീം കോടതി ഒരാഴ്ച കൂടി അനുവദിച്ചത്.
'ആവശ്യമായ ഉത്തരവുകളോ വിശദീകരണങ്ങളോ ഞങ്ങള്‍ നല്‍കാം. എന്നാല്‍ വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് യാതൊരുവിധ തടസങ്ങളും ഉണ്ടാകാന്‍ അനുവദിക്കില്ല. ഇത് എല്ലാ സംസ്ഥാനങ്ങളും മനസിലാക്കണം'- നടപടിക്രമങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ഇതിനിടെ എസ്ഐആര്‍ നടപടി ക്രമങ്ങള്‍ക്കായി എണ്ണായിരത്തോളം പുതിയ ഉദ്യോഗസ്ഥന്‍മാരുടെ പട്ടിക ബംഗാള്‍ സര്‍ക്കാര്‍ കൈമാറിയിരുന്നു. നാളെ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായുള്ള ജില്ലാ കലക്ടര്‍മാരുടെ മുന്‍പില്‍ ഹാജരാകാനും ചുമതലയേറ്റെടുക്കാനും ഈ ഉദ്യോഗസ്ഥരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ബംഗാളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യവാങ്മൂലം സംബന്ധിച്ച് ബംഗാള്‍ ഡിജിപിയോട് സുപ്രീം കോടതി വിശദീകരണം തേടി. ആക്രമണത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നായിരുന്നു സത്യവാങ്മൂലം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.