ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പൂനെ: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എന്‍സിപി-എസ്പി നേതാവ് ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിടി സ്‌കാനില്‍ നെഞ്ചില്‍ അണുബാധ ഉണ്ടായതായി കണ്ടെത്തി.

85 വയസുള്ള ശരദ് പവാറിനെ പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ ചികിത്സയ്ക്കായി മുംബൈയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെ, ഭര്‍ത്താവ് സദാനന്ദ് സുലെയുമാണ് ഒപ്പമുണ്ടായിരുന്നത്. വായിലെ കാന്‍സര്‍ അതിജീവിച്ച പവാറിന് തൊണ്ടയിലെ അണുബാധ, തുടര്‍ച്ചയായ ചുമ, നെഞ്ചെരിച്ചില്‍ എന്നിവ ഉണ്ടായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു ശരദ് പവാര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കീഴില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായും കൃഷി മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1999 ല്‍ അദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞ് സ്വന്തമായി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചു.

രാഷ്ട്രീയം മാത്രമല്ല ക്രിക്കറ്റുമായും ശരദ് പവാറിന് നല്ല ബന്ധം ഉണ്ടായിരുന്നു. 2005 മുതല്‍ 2008 വരെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) പ്രസിഡന്റായും 2010 മുതല്‍ 2012 വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പ്രസിഡന്റായും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 ഒക്ടോബര്‍ മുതല്‍ 2017 ജനുവരി വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അദേഹം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.