ദുബായ് : ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ അജയ്യമായ കുതിപ്പ് തുടർന്ന് ദുബായ്. 2025 ൽ റെക്കോർഡ് എണ്ണം സന്ദർശകരെ സ്വീകരിച്ചുകൊണ്ട് നഗരം സർവകാല റെക്കോർഡ് സ്ഥാപിച്ചു. ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1.95 കോടി അന്താരാഷ്ട്ര സഞ്ചാരികളാണ് കഴിഞ്ഞ വർഷം നഗരത്തിലെത്തിയത്.
2024 ലെ 1.87 കോടി സന്ദർശകരെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ടൂറിസം മേഖലയിൽ ദുബായ് ഈ ശ്രദ്ധേയമായ വളർച്ച നിലനിർത്തുന്നത്. ദുബായ് ടൂറിസത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തിരക്കേറിയ മാസമായി 2025 ഡിസംബർ മാറി. ഒരു മാസത്തിനുള്ളിൽ മാത്രം 20 ലക്ഷത്തിലധികം സഞ്ചാരികളാണ് ദുബായിലെത്തിയത്.
വിശ്വപ്രസിദ്ധമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ, കണ്ണഞ്ചിപ്പിക്കുന്ന പുതുവർഷാഘോഷങ്ങൾ എന്നിവയാണ് സഞ്ചാരികളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ. സന്ദർശകരിൽ ഭൂരിഭാഗവും അയൽ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയമാണ്. സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന താമസ സൗകര്യങ്ങളുടെ വികസനത്തിലും പ്രതിഫലിച്ചു. 2025 അവസാനത്തോടെ ദുബായിലെ ഹോട്ടൽ മുറികളുടെ എണ്ണം 1,54,264 ആയി ഉയർന്നു. 827 പ്രോപ്പർട്ടികളിലായാണ് ഇത്രയും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
ന്യൂയോർക്ക്, സിംഗപ്പൂർ, ബാങ്കോക്ക് തുടങ്ങിയ പ്രമുഖ നഗരങ്ങളെക്കാൾ കൂടുതൽ ഹോട്ടൽ സൗകര്യങ്ങൾ ഇപ്പോൾ ദുബായിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായ സീൽ ദുബായ് മറീന, അത്യാധുനിക സൗകര്യങ്ങളുള്ള 'ജുമൈറ മർസ അൽ അറബ്' എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളായിരുന്നു.
ഭക്ഷണപ്രേമികളെ ആകർഷിക്കുന്നതിനായി മിഷെലിൻ ഗൈഡിൽ ഇടംപിടിച്ച നൂറിലധികം റെസ്റ്റോറന്റുകൾ ദുബായിൽ സജീവമാണ്. ഇതിനു പുറമെ ലോകോത്തര കായിക മത്സരങ്ങളും വിനോദ പരിപാടികളും ദുബായിയുടെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തികളായി.
വരും വർഷങ്ങളിൽ ടൂറിസം മേഖല ഇനിയും വിപുലീകരിക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. എത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്നതും അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതും ദുബായിലേക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.