ധാക്ക: കനത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും മതപരമായ അക്രമ ഭീഷണികൾക്കും നടുവിൽ ബംഗ്ലാദേശിലെ പ്രശസ്തമായ സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ പതിനായിരങ്ങൾ ഒത്തുകൂടി. ഫെബ്രുവരി 12 ന് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മത ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണമുണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ നിലനിൽക്കെയാണ് വിശ്വാസികൾ പ്രാർത്ഥനയുമായി പൻജോറ ഗ്രാമത്തിലെത്തിയത്.
ധാക്ക അതിരൂപതയിലെ ഗാസിപൂർ ജില്ലയിലുള്ള സെന്റ് നിക്കോളാസ് ഓഫ് ടൊളന്റീനോ പള്ളിയിൽ നടന്ന വാർഷിക തീർത്ഥാടനത്തിൽ ഇത്തവണ നാൽപ്പതിനായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് കാലങ്ങളിൽ ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം പതിവായതിനാൽ ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായിരുന്നു. പ്രദേശം മുഴുവൻ സിസിടിവി നിരീക്ഷണത്തിലാക്കുകയും നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
"ഭയം കാരണം ഇത്തവണ വരേണ്ടെന്ന് കരുതിയതാണ്, എങ്കിലും ദൈവത്തിന്റെ സന്നിധിയിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ അത് പ്രശ്നമല്ലെന്ന് കരുതി കുടുംബസമേതം എത്തിയതാണ്," രാജ്ഷാഹി രൂപതയിൽ നിന്നെത്തിയ ഒരു തീർത്ഥാടകൻ പറഞ്ഞു. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ജനത്തിരക്ക് കുറവാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ക്രൈസ്തവർക്ക് പുറമെ ഹിന്ദുക്കളും മുസ്ലീങ്ങളും ബുദ്ധമതക്കാരും ഈ തീർത്ഥാടനത്തിൽ പങ്കെടുക്കാറുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. ചടങ്ങിൽ സംസാരിച്ച ഓക്സിലറി ബിഷപ്പ് സുബ്രതോ ബോണിഫേസ് ഗോമസ് സമാധാനത്തിന്റെ സന്ദേശം വിശ്വാസികൾക്കിടയിൽ പകർന്നു. ക്രിസ്തുവിന്റെ ആദർശങ്ങൾക്കനുസരിച്ച് ജീവിക്കാനും മറ്റുള്ളവരെ സ്നേഹത്തിന്റെ പാതയിലേക്ക് നയിക്കാനും വിശുദ്ധ അന്തോണീസ് ആഹ്വാനം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു.
2025 നവംബറിൽ ധാക്ക കത്തീഡ്രലിലും സെന്റ് ജോസഫ് സ്കൂളിലും നടന്ന ഗ്രനേഡ് സ്ഫോടനങ്ങൾ ക്രൈസ്തവ സമൂഹത്തെ വല്ലാതെ ഉലച്ചിരുന്നു. പിന്നാലെ വിദ്യാലയങ്ങൾ വഴി മതപരിവർത്തനം നടത്തുന്നു എന്ന് ആരോപിച്ച് തീവ്രവാദ ഗ്രൂപ്പുകൾ പള്ളികൾക്കും മിഷനറി സ്ഥാപനങ്ങൾക്കും നേരെ ഭീഷണി കത്തുകൾ അയച്ചിരുന്നു. ധാക്ക ആർച്ച് ബിഷപ്പ് ബിജോയ് ഡിക്രൂസ് ഇതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
18 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ ക്രൈസ്തവർ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. 2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ശേഷം നോബൽ ജേതാവ് മുഹമ്മദ് യൂനസ് ചുമതലയേറ്റെങ്കിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇപ്പോഴും അരക്ഷിതാവസ്ഥയിലാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയോ (BNP) അതല്ലെങ്കിൽ തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്‌ലാമിയോ അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾ ന്യൂനപക്ഷങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് ദിവസമായ ഫെബ്രുവരി 12-ലേക്ക് രാജ്യം അടുക്കുമ്പോൾ പ്രാർത്ഥനയോടെയും ജാഗ്രതയോടെയുമാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഓരോ നിമിഷവും തള്ളിനീക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.