നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ട്രക്കിലുമിടിച്ചു; ബംഗളൂരുവിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളക്കം ഏഴ് പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ട്രക്കിലുമിടിച്ചു; ബംഗളൂരുവിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളികളക്കം ഏഴ്  പേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് ദൊബ്ബാസ്പേട്ട് ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് കാറുകള്‍, ഒരു കാന്റര്‍ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ഏഴ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇവരില്‍ ആറ് പേരും എസ്.യു.വി യാത്ര ചെയ്തിരുന്നവരാണ്. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതില്‍ അഞ്ച് പേര്‍ ഒരേ കോളജിലെ വിദ്യാര്‍ഥികളാണ്. ഭരത്, അശ്വിന്‍ നായര്‍, ഏദന്‍ ജോര്‍ജ്, അര്‍ഹാന്‍ ഷെരീഫ് എന്നിവരെ തിരിച്ചറിഞ്ഞു.

ഇതില്‍ അശ്വിനും ഏദനും മലയാളികളാണ്. ഒരാളെ തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരന്‍ ഗഗന്‍ (26) ആണ് മരിച്ച ബൈക്ക് യാത്രക്കാരന്‍.


അമിതവേഗതയിലെത്തിയ മഹിന്ദ്ര എസ്.യു.വി 700 ആദ്യം ബൈക്കിലിടിക്കുകയും തുടര്‍ന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാന്റര്‍ ട്രക്കില്‍ ഇടിച്ചു കയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രക്കിന്റെ പിന്‍ ആക്സില്‍ ഒടിഞ്ഞു മാറി ട്രക്ക് സര്‍വീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്സിലില്‍ തട്ടി പുറകില്‍ വന്ന മറ്റൊരു കാറും അപകടത്തില്‍പ്പെട്ടു.

അപകടത്തെ തുടര്‍ന്ന് എസ്.ടി.ആര്‍.ആറില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിനുകള്‍ ഉപയോഗിച്ചാണ് തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയത്. രണ്ടാമത്തെ കാറിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു. സുലിബെലെ പൊലീസ് കേസെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.